Advertisement

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നു; 24 എക്സ്‌ക്ലൂസീവ്

May 31, 2019
Google News 0 minutes Read

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നു. അംഗീകാരം നല്‍കാന്‍ മുമ്പുണ്ടായിരുന്ന കുട്ടികളുടെ എണ്ണം, അണ്‍ എയ്ഡഡ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളിനു തുല്യമായ ശമ്പളം എന്നീ പ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വ്യവസ്ഥകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേരള സിലബസിലുള്ള സ്‌കൂളുകള്‍ക്കാണ് അംഗീകാരം നല്‍കാനായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്.

മൂവായിരത്തോളം അണ്‍എയ്ഡഡ് സ്‌കൂളുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കേരള സിലബസിലുള്ള അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനാണ് കോടതി നിര്‍ദ്ദേശപ്രകാരം അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടണം. 350 ലധികം കുട്ടികള്‍ ഉണ്ടായിരിക്കണം, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ അധ്യാപകരുടേതിനു തുല്യമായ ശമ്പളം നല്‍കണം തുടങ്ങിയ വ്യവസ്ഥകളാണ് അംഗീകാരം നല്‍കാനായി സര്‍ക്കാര്‍ മുമ്പ് മാനദണ്ഡമായി നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നും ഇതൊക്കെ ഒഴിവാക്കി. സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളുടെ ഉത്തരവനുസരിച്ചാണ് വ്യവസ്ഥകള്‍ ഒഴിവാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കണം, ഏതെങ്കിലും സൊസൈറ്റിയുടെ കീഴിലായിരിക്കണം സ്‌കൂള്‍, മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണം, ഭൗതിക സാഹചര്യങ്ങളുണ്ടായിരിക്കണം, യോഗ്യതയുള്ള അധ്യാപകരുണ്ടാകണം തുടങ്ങി 32 വ്യവസ്ഥകളാണ് അംഗീകാരത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള സ്ഥലം ഉണ്ടായിരിക്കണമെന്നും 25 പെണ്‍കുട്ടികള്‍ക്ക് ഒരു ടോയ്ലറ്റ് ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഒഴിവാക്കിയതോടെ അംഗീകാരമില്ലാത്ത പല സ്‌കൂളുകള്‍ക്കും അംഗീകാരം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ കോടതി അംഗീകാരത്തോടെ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ മിക്ക സ്‌കൂളുകള്‍ക്കും കഴിയില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here