ഭക്ഷണമുണ്ടാക്കാൻ റെയിൽവേ സ്‌റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം; അന്വേഷണത്തിന് ഉത്തരവിട്ട് എഫ്ഡിഎ

ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്നത് റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. ബോറിവാലി റെയിൽവേ സ്‌റ്റേഷനിന് സമീപം സ്റ്റാൾ നടത്തുന്നയാളാണ് ടോയ്‌ലറ്റിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ഭക്ഷണം ഉണ്ടാക്കുന്നത്. ടോയ്‌ലറ്റിൽ നിന്നും ഇയാൾ വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ഭക്ഷണമുണ്ടാക്കാൻ ഇയാൾ സ്ഥിരമായി വെള്ളമെടുക്കുന്നത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ടോയ്‌ലറ്റിൽ നിന്നുമാണ്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ സംഭവം നടന്ന തീയതിയോ, സമയമോ വ്യക്തമല്ല.


ട്രെയിനിലും മറ്റും നിർമ്മിക്കുന്ന ഭക്ഷണത്തിന് ശുദ്ധമായ വെള്ളം ഉപയോഗിക്കണമെന്ന് എഫ്ഡിഎയുടെ നിർദ്ദേശമുണ്ട്. ബോറിവാലി റെയിൽവേ സ്‌റ്റേഷനിലെ സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും എഫ്ഡിഎ മുംബൈ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശൈലേഷ് ആദവ് പറഞ്ഞു. ഇത്തരത്തിലുള്ള വെള്ളം ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുകയും അത് ആളുകൾ ഭക്ഷിക്കുകയും ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top