വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ഷംസുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന്റെ മുൻകൂർ ജാമ്യ ഹർജി മഞ്ചേരി പോക്‌സോ കോടതി തള്ളി. വളാഞ്ചേരി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ഹർജിയാണ് തള്ളിയത്. പോക്‌സോ കേസ് ചുമത്തപ്പെട്ട പ്രതി ഷംസുദ്ദീൻ ഒളിവിലാണ്.
വളാഞ്ചേരിയിൽ 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും, വളാഞ്ചേരി നഗരസഭയിലെ എൽഡിഎഫ് കൗൺസിലറുമായ ഷംസുദിൻ നടക്കാവിൽ മഞ്ചേരി പോക്‌സോ കോടതിയിൽ സമ്മർപ്പിച്ച ഹർജിയാണ് തള്ളിയത്. പ്രതി വിദേശത്താണെന്നാണ് പൊലീസ് നിഗമനം. പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം. പീഡനത്തിനിരയായ 16 കാരിയുടെ സഹോദരി ഭർത്താവിനെതിരെയും പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. ഇയാളും ഒളിവിലാണ്.
തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി ഐയാണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്താണെന്നും പ്രതിയെ സംരക്ഷിക്കാൻ മന്ത്രി ഇടപട്ടതായും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണം കേസിന് രാഷ്ട്രീയമാനം നൽകിയിരുന്നു. എന്നാൽ ആരോപണങ്ങളെ മന്ത്രി നിഷേധിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here