Advertisement

ബാലഭാസ്‌ക്കറിന്റെ മരണം; പ്രകാശ് തമ്പിയുടെ മൊഴിയെടുക്കൽ വൈകും

June 2, 2019
Google News 1 minute Read

ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയുടെ മൊഴിയെടുക്കൽ വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ റജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ജയിലിലാണ് പ്രകാശ് തമ്പി.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നൽകൂ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്. അതേസമയം, പ്രകാശ് തമ്പിയുടെ ഇടപെടൽ സംബന്ധിച്ച് സംശയം ഉന്നയിച്ച ബാലഭാസ്‌ക്കറിന്റെ അച്ഛന്റേയും ദൃക്‌സാക്ഷി സോബി ജോർജിന്റേയും മൊഴിയെടുക്കും. ഭാര്യ ലക്ഷ്മിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹത സൂചിപ്പിക്കുന്ന വെളിപ്പെടുത്തൽ കലാഭവൻ സോബി ജോർജ് നടത്തിയ സാഹചര്യത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Read more: ബാലഭാസ്‌ക്കറിന്റെ മരണം; ക്രൈംബ്രാഞ്ച് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കും

അപകടം നടന്ന സമയത്ത് തിരുനൽവേലിക്ക് പോവുകയായിരുന്നു സോബി. ഈ സമയം റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയിൽ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ ബൈക്കിൽ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി സോബി പറഞ്ഞിരുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവർ നിരസിക്കുകയും ചെയ്തതായി സോബി വ്യക്തമാക്കിയിരുന്നു.

പിന്നീട് കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് വാഹനാപകടത്തിൽ പരിക്കേറ്റത് ബാലഭാസ്‌കർ ആണെന്ന വിവരം സോബി ജോർജ് അറിയുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞതിനെ തുടർന്ന് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് അറിയിച്ചു. ബാലഭാസക്കറിന്റെ മാനേജർ പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ മധു ബാലകൃഷ്ണൻ പറയുകയായിരുന്നു. പ്രകാശ് തമ്പിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും അൽപ്പസമയം കഴിഞ്ഞ് തിരിച്ച് വിളിച്ച പ്രകാശ് തമ്പി വേറെ ആരോടെങ്കിലും കാര്യങ്ങൾ പറഞ്ഞോ എന്നും തിരിച്ച് ചോദിച്ചതായും സോബി പറഞ്ഞിരുന്നു.

ബാലഭാസ്‌ക്കറിന്റെ മുൻ മാനേജറായ പ്രകാശ് തമ്പിയെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് സംഘം സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആർഐ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here