അഷ്ടമുടിക്കായൽ വൃത്തിയാക്കി അവശിഷ്ടങ്ങൾ കൊണ്ട് കലാരൂപങ്ങൾ; ശ്രദ്ധേയയായി മലയാളി യുവതി

അഷ്ടമുടിക്കായൽ വൃത്തിയാക്കി തടാകത്തിൽ നിന്നു കിട്ടിയ അവശിഷ്ടങ്ങൾ കൊണ്ട് കലാരൂപങ്ങൾ നിർമ്മിച്ച മലയാളി യുവതി ശ്രദ്ധേയയാവുന്നു. അപർണ എന്ന 23കാരിയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. കാലിക്കുപ്പികളിലാണ് അപർണ കൂടുതലായി കലാരൂപങ്ങൾ നിർമ്മിക്കുന്നത്.
കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് സ്വദേശിയായ അപർണ സ്വയം പഠിച്ചാണ് കലാരൂപങ്ങൾ നിർമ്മിക്കുന്നത്. രുദ്ര എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ തൻ്റെ കലാരൂപങ്ങൾ വില്പന നടത്തുന്ന അപർണ തൻ്റെ വീടിനു പിന്നിൽ വലിച്ചെറിയപ്പെട്ട കുപ്പികളിൽ നിന്നാണ് ആദ്യം കലാരൂപങ്ങൾ നിർമ്മിച്ചത്. ഇവ വില്പനയ്ക്കു വെക്കുന്നതിനായി ‘ക്യുപ്പി’ എന്ന പേരിൽ അപർണ ഒരു ഫേസ്ബുക്ക് പേജും ആരംഭിച്ചു. കച്ചവടം പൊടിപൊടിക്കവേയാണ് ഏതാണ് ഒന്നര വർഷം മുൻപ് അഷ്ടമുടിക്കായലിൽ വലിച്ചെറിഞ്ഞിരിക്കുന്ന കാലിക്കുപ്പികൾ അപർണ ശ്രദ്ധിച്ചത്.
തുടർന്ന് കഴിഞ്ഞ മാർച്ച് 17ന് അപർണയും സുഹൃത്തുക്കളും ചേർന്ന് അഷ്ടമുടിക്കായൽ വൃത്തിയാക്കാൻ തീരുമാനിച്ചു. വീടിനടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ കായലോരമാണ് അപർണയും സുഹൃത്തുക്കളും ചേർന്ന് വൃത്തിയാക്കിയത്. അവിടെ നിന്നു കിട്ടിയ കുപ്പികൾ വൃത്തിയാക്കി അത് കലാരൂപമായി പരിണാമപ്പെടുത്തിയ അപർണ അത് ബസ് സ്റ്റാൻഡിനു സമീപം ഒരു സ്റ്റാളിട്ട് വിറ്റഴിച്ചു.
അവിടെ നിന്ന് അപർണ ഒരു സ്റ്റാറായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇതേ ആവശ്യവും ആഗ്രഹവുമായി ഒട്ടേറെപ്പേർ അപർണയെത്തേടിയെത്തുന്നുണ്ട്. അവരെയൊക്കെ ഒരുമിച്ച് ചേർത്ത് മുന്നോട്ടു പോകാനാണ് ഇപ്പോൾ അപർണയുടെ പദ്ധതി. പഠിച്ച് ടീച്ചറാവണം എന്നാഗ്രഹിക്കുന്ന ഈ ബിഎഡ് വിദ്യാർത്ഥിനി ഇനിയും കുപ്പികളിൽ നിന്ന് കലാരൂപങ്ങളുണ്ടാക്കുമെന്നും അടിവരയിടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here