Advertisement

തകർത്തടിച്ച് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്ക വിയർക്കുന്നു

June 2, 2019
Google News 0 minutes Read

ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ബംഗ്ലാദേശ് ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് മികച്ച നിലയിലെത്തിയത്. അർദ്ധസെഞ്ചുറികൾ നേടി പുറത്താവാതെ നിൽക്കുന്ന നേടിയ ഷാക്കിബുൽ ഹസൻ, മുഷ്ഫിക്കർ റഹീം എന്നിവരാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനു കരുത്ത് പകർന്നത്.

ലുങ്കി എങ്കിടിയും കഗീസോ റബാഡയും ചേർന്ന് തുടങ്ങിയ പേസ് ആക്രമനത്തിൽ ഭയപ്പെടാതിരുന്ന ബംഗ്ലാ ഓപ്പണർമാർ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയില്ലാതായി. സൗമ്യ സർക്കാറായിരുന്നു കൂടുതൽ അപകടകാരി. ദക്ഷിണാഫ്രിക്കയുടെ മോശം ഫീൽഡിംഗും ബംഗ്ലാ സ്കോറിൽ ഊർജ്ജമായി. എങ്കിടിയുടെ പന്തിൽ സൗമ്യ സർക്കാരിനെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ കൈവിട്ടിരുന്നു. ഷോർട്ട് ബോളുകൾ പോലും മനോഹരമായി നേരിട്ട ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. ഒൻപതാം ഓവറിൽ ബൗളിംഗ് ചേഞ്ച് നടത്തിയ ഫാഫിൻ്റെ തീരുമാനം ശരി വെച്ചു കൊണ്ട് ആൻഡൈൽ പെഹ്‌ലുക്ക്‌വായോ 16 റൺസെടുത്ത തമീം ഇഖ്ബാലിനെ ഡികോക്കിൻ്റെ കൈകളിൽ എത്തിച്ചു.

തുടർന്ന് ക്രീസിലെത്തിയ ഷാക്കിബുൽ ഹസനും ആക്രമണം തന്നെയായിരുന്നു ലക്ഷ്യം. അർദ്ധസെഞ്ചുറിയിലേക്കു കുതിച്ച സൗമ്യ സർക്കാറിൻ്റെ വിക്കറ്റാണ് പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമയത്. ക്രിസ് മോറിസ് എറിഞ്ഞ 12 ആം ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിൻ്റെ കൈകളിലൊടുങ്ങി മടങ്ങുമ്പോൾ സർക്കാർ 30 പന്തുകളിൽ 42 റൺസെടുത്തിരുന്നു. പിന്നീടാണ് മുഷ്ഫിക്കർ ക്രീസിലെത്തിയത്.

സൗമ്യ സർക്കാർ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ഇരുവരും അനായാസം സ്കോർ ചെയ്തു മുന്നേറി. പേസർമാരെയും സ്പിന്നർമാരെയും കടന്നാക്രമിച്ച ഇരുവരും ഫീൽഡിൽ തുടർച്ചയായി പിഴവുകൾ കണ്ടെത്തിക്കൊണ്ടിരുന്നു. 26ആം ഓവറിലെ അവസാന പന്തിൽ ഷാക്കിബുൽ ഹസൻ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു. 54 പന്തുകളിലായിരുന്നു ഷാക്കിബ് അർദ്ധസെഞ്ചുറി കുറിച്ചത്. 29ആമത്തെ ഓവറിൽ മുഷ്ഫിക്കറും അർദ്ധസെഞ്ചുറിയിലെത്തി. 52 പന്തുകൾ നേരിട്ടാണ് മുഷ്ഫിക്കർ അര സെഞ്ചുറി കുറിച്ചത്.

ഒടുവിൽ വിവരം കിട്ടുമ്പോൾ 29 ഓവറുകൾ പിന്നിടുമ്പോൾ ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ 182 റൺസിലെത്തിയിട്ടുണ്ട്. ഇതുവരെ ഈ സഖ്യം മൂന്നാം വിക്കറ്റിൽ 107 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here