Advertisement

വിനായകൻ ഫെരാരിയിൽ വന്നിറങ്ങുമെന്ന് പറയുമ്പോൾ അതൊരു സ്വപ്നമായി കാണരുത്; ഒരു വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്

June 2, 2019
Google News 1 minute Read

സ്പെൻസർ ജോൺസൺ, നോർമൻ വിൻസൻ പീൽ, റോബിൻ ശർമ്മ, ശിവ് ഖേര ഇവരുടെയൊക്കെ ബുക്കിൽ നിന്ന് കിട്ടാത്ത അതിൽ കണ്ടതിനെക്കാൾ ആയിരംമടങ്ങ് ആത്മവിശ്വാസം നൽകാൻ കഴിയുന്ന ഒരു വാചകമുണ്ട്, അതിങ്ങനെയാണ്.

ഞാനൊരു കറുത്ത മനുഷ്യനാണ്.
ഒരു കറുത്ത മനുഷ്യന് നായകനാകാൻ എന്തുചെയ്യാമെന്നതാണ് എന്റെ ചിന്ത. ഞാനങ്ങനെ വെറുതെ നടനാകാൻ വേണ്ടി മാത്രം വന്ന ആളല്ല. സൂപ്പർ ഹീറോ ആകാൻ തന്നെ വന്ന വ്യക്തിയാണ്. പതിനഞ്ച് വർഷം മുൻപുള്ള എന്റെ ചിന്തകളാണ് അത്, എനിക്ക് എങ്ങനെ സൂപ്പർ ഹീറോ ആകാം ?

വിനായകൻ ഏതാനും നാളുകൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ, മേൽപ്പറഞ്ഞ പോസിറ്റീവ് തിങ്കേഴ്സിൻ്റെ പോളിസികൾക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത തരത്തിലുള്ള ജീവിതങ്ങളുടെ ഇടയിൽ നിന്നൊരാൾ, ഉയർന്നു വരാൻ കഴിയാത്ത തരത്തിൽ അപരവത്കരിക്കപ്പെട്ട ഒരു ജനതയുടെ ഇടയിൽ നിന്ന്, വ്യവസ്ഥിതിയെ തന്നെ വെല്ലുവിളിക്കാൻ, അതിനെ തിരുത്തി കുറിക്കാൻ കെൽപ്പുള്ള മനുഷ്യൻ്റെ വാക്കുകൾ. ആത്മവിശ്വാസത്തോടെ അയാൾ പറഞ്ഞു വെക്കുന്ന ഈ വാക്കുകൾ നൽകുന്ന ഊർജം ചെറുതല്ല.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള അവാർഡ് ലഭിച്ചതിലുള്ള സന്തോഷം ഒരു നടന് ലഭിച്ച അവാർഡിലുള്ള ആദ്യമായുള്ള സന്തോഷം കൂടിയായിരുന്നു.

അത് അടുത്ത് നിന്ന ആളോട് പറഞ്ഞപ്പോൾ, കൂട്ടത്തിലുള്ള മറ്റൊരാൾ ചോദിച്ച ചോദ്യം ആരാണ് വിനായകൻ എന്ന്, അപ്പോൾ ആ സുഹൃത്ത് നൽകിയ മറുപടി ഓഹ് ആ കറുത്ത കാണാൻ കൊള്ളാത്ത ഒരുത്തൻ ഇല്ലേ അവൻ എന്നാണ്.

അയാളിലെ പ്രതിഭയ്ക്ക് ലഭിച്ച അംഗീകാരം ഏതൊക്കെ രീതിയിലാണ് ഈ സമൂഹം അളക്കുന്നതെന്നോർത്ത് വന്ന രോക്ഷവും, അമർഷവും ഒടുവിൽ ചെന്നു വീണത് വിനായകൻ തന്നെ പറഞ്ഞ ‘ ഞാനൊരു കറുത്ത മനുഷ്യനാണ്, ഒരു കറുത്ത മനുഷ്യന് നായകനാകാൻ എന്തുചെയ്യാമെന്നതാണ് എന്റെ ചിന്ത എന്ന അഭിപ്രായത്തിലാണ്.

എത്ര കൃത്യമാണ് അയാളുടെ കാഴ്ചപ്പാടുകൾ. ഈ സമൂഹത്തിൻ്റെ പൊതുബോധം മനസിലാക്കി അതിനെതിരെ എത്ര കൃത്യമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിത്വമാണ് വിനായകൻ എന്ന് നോക്കൂ.

താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച്, തന്‍റെ ചുറ്റുപാടുകളെക്കുറിച്ച്, സസൂഷ്മം നിരീക്ഷിക്കുന്ന വ്യക്തി. വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള, നിലപാടുകൾ ഉള്ള രാഷ്ട്രീയമുള്ള അത് ധൈര്യമായി തുറന്നു പറയുന്ന മനുഷ്യനാണ് വിനായകൻ.

ജാതി,നിറം ഇതൊന്നും തന്നെ പിന്നോട്ടുവലിക്കുന്ന കാര്യങ്ങളല്ലെന്ന് അയാൾ ഉറച്ച നിശ്ചയദാർഢ്യത്തോടെ അൽപം അഹങ്കാരത്തോടെ തന്നെയാണ് പറയുന്നത്.

ഞാൻ കുറച്ചു കൂടി ഒരു അയ്യങ്കാളി ചിന്താഗതിയിൽ ജീവിക്കുന്ന മനുഷ്യനാണ്, പറ്റുമെങ്കിൽ ലൈഫിൻ്റെ അറ്റത്ത് ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എൻ്റെ ചിന്ത, പറ്റുമെങ്കിൽ സ്വർണ കിരീടവും വെക്കാൻ ശ്രമിക്കുന്ന ഒരാൾ എന്ന് വിനായകൻ ഒരിക്കൽ പറയുകയുണ്ടായി. ഒരുപക്ഷെ വിനായകൻ നൽകിയ അഭിമുഖങ്ങളിൽ ഏറ്റവും ശക്തമായ വാക്കുകളിൽ ഒന്ന്.

വിനായകൻ തൻ്റെ ലൈഫിൻ്റെ അങ്ങേത്തലയ്ക്കൽ ഫെരാരിയിൽ വന്നിറങ്ങുമെന്ന് പറയുമ്പോൾ അത് പൃഥ്വിരാജിന്റെ ലംബോർഗിനി പോലൊരു സ്വപ്നമായി കാണരുത്, അതേസമയം ഒരു വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണത്.

നവോത്ഥാന മുന്നേറ്റം കേരള സമൂഹത്തിൽ ആഴത്തിൽ സ്ഥാപിച്ചെടുക്കാൻ വേണ്ടി അയ്യങ്കാളി സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായ വില്ലുവണ്ടിയെ താരതമ്യം ചെയ്യേണ്ടതുണ്ട്.

അയ്യങ്കാളി നാഗർകോവിൽ നിന്ന് വില്ലുവണ്ടിയും തലപ്പാവും, കോട്ടും വാങ്ങി യാത്ര തിരിച്ചത് ആ വേഷം അന്നത്തെ സമൂഹത്തെ അത്രത്തോളം ഇളക്കാൻ പോകുന്ന ഒന്നാണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ്.

അതുതന്നെയാണ് വിനായകൻ ഇക്കാലത്ത് ആവർത്തിച്ചു പറയുന്ന ഫെരാരിയുടെയും സ്വർണ കിരീടത്തിൻ്റെയും പൊളിറ്റിക്സ്.

എനിക്ക് ജീവിതം കോമഡിയല്ല, ജീവിതം വളരെ സീരിയസാണ്, കാരണം ഞാൻ അങ്ങനെയൊരു സിസ്റ്റത്തിൽ നിന്ന് വന്നവനാണ്. മറ്റുള്ളവർക്ക് വേണ്ടി ഞാൻ മാറില്ല ദേഷ്യം വന്നാൽ ദേഷ്യത്തിൽ പറയും, തമാശയായാൽ തമാശ. അതെൻ്റെ ഐഡന്റിറ്റി ആണ്.

ജീവിതത്തിൽ ഒട്ടും തന്നെ അഭിനയിക്കാൻ ശ്രമിക്കാത്ത മനുഷ്യനാണ്, അഭിമുഖങ്ങളിൽ യാതൊരു അതിഭാവുകത്വവും ഇല്ലാതെ അഭിപ്രായങ്ങൾ പറയുന്നയാൾ, യാഥാർത്ഥ്യ ബോധത്തിൽ കാര്യങ്ങൾ സമീപിക്കുകയും, സംസാരിക്കുകയും വേണമെന്ന് പറയുന്ന മനുഷ്യൻ.

ലോകം നിലനിൽക്കുന്നത് തന്നെ പ്രണയത്തിലാണ്, അതിനു വേണ്ടി യുദ്ധം വരെ ഉണ്ടാകും, ശാന്തി ഒരിക്കലുമുണ്ടാകില്ല.

ഞാൻ ഇങ്ങനെയൊന്നുമല്ല ഭയങ്കര പ്രണയമാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന മനുഷ്യനോട് നമുക്ക് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും…

വിനായകൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ജനമുണ്ട് നിങ്ങളുടെ ഒപ്പം…

(വിഷ്ണു വിജയൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here