സന്ദേശം ഷെയർ ചെയ്താലൊന്നും നിങ്ങളുടെ ഫോണിലെ ബാറ്ററി ചാർജ് ആകില്ല

” എത്രയും വേഗം മൂന്ന് ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം ഷെയർ ചെയ്യൂ… ഫോണിന്റെ ബാറ്ററി ഫുൾ ചാർജ് ആകും. ചെയ്തു നോക്കൂ.. ഞാൻ ഷോക്ക് ആയി… ” പച്ചനിറത്തിലുള്ള കുറേ ബാറ്ററികളുടെ ചിത്രങ്ങളും ഇത് കണ്ടു പിടിച്ചയാളുടേതെന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ഫോൺ നമ്പറും  സഹിതമുള്ള ഇത്തരം  കബളിപ്പിക്കുന്ന സന്ദേശങ്ങൾ വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയെല്ലാം പ്രചരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായിട്ടുണ്ട്. എന്നാൽ കാലമെത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഇതെല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണെന്നു മാത്രം. പുതിയതായി വാട്‌സ് ആപ്പിലും മറ്റുമെത്തുന്നവരാണ് ഇപ്പോൾ ഇത്തരം സന്ദേശങ്ങളുടെ ഇരകളിലേറെയും.

വിദ്യാസമ്പന്നരായവർ പോലും രണ്ടാമതൊന്ന് ചിന്തിക്കാതെ കണ്ണുമടച്ച് ഫോർവേഡ് ചെയ്യുമ്പോൾ ഇത്തരം വ്യാജസന്ദേശങ്ങൾ അതിവേഗത്തിൽ പ്രചാരം നേടുകയാണ്. പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മുതിർന്നയാളുകൾ വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഇത്തരം സന്ദേശങ്ങൾ ഇപ്പോഴും ഷെയർ ചെയ്യുന്നുണ്ട്. ഹിന്ദിയിലും മറ്റു ഭാഷകളിലുമൊക്കെ നേരത്തെ ഇറങ്ങിയിരുന്ന ഇത്തരം സന്ദേശങ്ങൾ പിന്നീട് മലയാളത്തിലും പ്രചരിക്കുകയായിരുന്നു.ഇതു കണ്ടു പിടിച്ചയാളെ അഭിനന്ദിക്കാമെന്ന് പറഞ്ഞ് സുഹൃത്തുക്കളുടെ നമ്പർ നൽകി പണികൊടുക്കുന്നവരുമുണ്ട്.

 

ഒറ്റ നോട്ടത്തിൽ കുറേ ബാറ്ററിയുടെ ചിത്രവും ഒരിക്കലും നടക്കാത്ത കാര്യങ്ങളും മാത്രമേ ഇത്തരം സന്ദേശങ്ങളിൽ ഉള്ളൂവെന്ന് തോന്നുമെങ്കിലും ഇതിനെ നിസാരമായി കാണരുത്. ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെയെത്തുന്ന ലിങ്കുകളും മറ്റും ഫോണിലെ വിവരങ്ങൾ വരെ ചോർത്തിയെടുത്തേക്കാം. ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവ പ്രചരിപ്പിക്കരുതെന്നും പോലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇനിയും ഇത്തരങ്ങൾ സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയച്ച് സ്വയം കബളിപ്പിക്കപ്പെടുന്നതിന് മുമ്പ് ഒന്നു കൂടി ചിന്തിക്കുക.

 

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top