Advertisement

വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

June 3, 2019
Google News 0 minutes Read
pinarayi vijayan press meet on sabarimala women entry

വിദ്യാലയങ്ങളിൽ ലഹരി വസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലുള്ള സ്‌കൂളുകളിൽ ഉൾപ്പെടെ ഇത് വ്യാപിച്ചു കഴിഞ്ഞു. വളരെ ഗുരുതരമാണ് സ്ഥിതി. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ സ്‌കൂളുകളിലും പി.ടി.ഐ വക സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കണം. വിമുക്തഭട?ാരെ സെക്യൂരിറ്റി ഗാർഡുമാരായി നിയോഗിക്കാവുന്നതാണ്. പ്രവൃത്തിസമയത്ത് ഒരാളെയും അനാവശ്യമായി സ്‌കൂളിൽ കയറ്റിവിടാതിരിക്കാൻ ശ്രദ്ധിക്കണം. ചുറ്റുമതിൽ ഇല്ലാത്ത സ്‌കൂളുകളിൽ അത് നിർമ്മിക്കാനാവണം.

കുട്ടികളെ തിരുത്തിക്കുന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടത്. ശിക്ഷിക്കുന്നതിലല്ല. രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങൾ സംസാരിക്കണം. കൗൺസിലർമാർ കുട്ടികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. അഞ്ച്പത്ത് കുട്ടികളുടെ ഉത്തരവാദിത്വം ഒരു അധ്യാപകന് മെൻറർ എന്ന നിലയിൽ നൽകാനാകണം. ലഹരിക്ക് അമിതമായി അടിമപ്പെട്ടവരെ മാത്രമേ ലഹരിമോചന കേന്ദ്രത്തിലേക്ക് അയക്കാവൂ എന്ന സമീപനം സ്വീകരിക്കേണ്ടതാണ്.

കൊഴിഞ്ഞുപോകുന്ന വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി ആലോചിക്കണം. അവരെ സമൂഹത്തിനാവശ്യമാണെന്ന ചിന്ത വളർത്തി ഉത്തേജനം കൊടുക്കാനാവേണ്ടതുണ്ട്.

ലഹരിമാഫിയയാണ് യഥാർത്ഥ മാഫിയ. അവർ അത്രത്തോളം ശക്തരാണ്. മാരകമായ മയക്കുമരുന്നുകളുടെ വിതരണച്ചങ്ങല തകർക്കാൻ നമ്മുടെ ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കേണ്ടതുണ്ട്. ജനമൈത്രി പോലീസിൻറെ സേവനം ലഹരി മാഫിയക്ക് എതിരെ ഉപയോഗപ്പെടുത്താനാകണം. സംസ്ഥാന അതിർത്തി വഴി ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ പ്രത്യേക സംവിധാനം ഉണ്ടാക്കണം. പോലീസ്, എക്‌സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. വ്യാപകമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരിസംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികളിൽനിന്ന് കൊടുക്കരുത്. പാഠപുസ്തകങ്ങളിലൂടെയും ബോധവൽക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ്, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകൾ ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംയുക്ത പ്രവർത്തന സമിതി ഉണ്ടാക്കാൻ യോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങളുടെ ഏകോപനവും ഈ സമിതിയുടെ ഉത്തരവാദിത്വമായിരിക്കും.

കഴിഞ്ഞ വർഷം 12,000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളിൽ ലഹരി വസ്തു ഉപയോഗം കൂടുതലാണ്.

സംസ്ഥാനത്ത് കേരള ആൻറി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിൽ (കെ.എ.എൻ.എസ്.എ.എഫ്) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പതിനഞ്ചംഗ ടീമുണ്ട്. ഇതിനു പുറമെ ജില്ലാ നാർകോട്ടിക് സെല്ലും ഉണ്ട്.

വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. സ്‌കൂളുകളിലെ ഹൈടെക് സംവിധാനം ഉപയോഗിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും മാസത്തിലൊരിക്കൽ ക്ലാസ്, സംവാദങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര വകുപ്പ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എക്‌സൈസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, എ.ഡി.ജി.പി. മനോജ് അബ്രഹാം, ഐജിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, ഡി.ഐ.ജി. സജ്ഞയ് കുമാർ ഗുരുഡിൻ, ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ കെ. ജീവൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here