Advertisement

അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതിരിക്കുക; മഴക്കാലത്തെ കവർച്ചകളെ തടയാനുള്ള നിർദേശങ്ങളുമായി പൊലീസ്

June 5, 2019
Google News 1 minute Read

കവർച്ചകൾ വർധിക്കുന്ന മഴക്കാലത്ത് ഇവയെ നേരിടാനുള്ള നിർദേശങ്ങളുമായി കേരള പൊലീസ്. ജനൽ പാളികൾ രാത്രി അടച്ചിടണമെന്നും അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി സംസാരിക്കണമെന്നും പൊലീസിന്റെ നിർദേശങ്ങളിൽ പറയുന്നു

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഴക്കാലത്ത് രാത്രിയിൽ ഉണ്ടാകുന്ന ചലനങ്ങൾ അധികം ശ്രദ്ധിക്കപ്പെടില്ല എന്നത് മോഷ്ടാക്കൾക്ക് അനുകൂല ഘടകമാണ്. അതിനാൽ തന്നെ മഴക്കാലത്ത് കവർച്ചക്കുള്ള സാധ്യത കൂടുതലാണ്. മോഷണം ഒഴിവാക്കാൻ അത്യാവശ്യ മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണ്.

പലരും വീടിന്റെ മുൻവാതിലിന് മുന്തിയ പൂട്ടുകൾ സ്ഥാപിക്കുകയും പിൻവാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ,പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും.

ജനൽപാളികൾ രാത്രി അടച്ചിടുക അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽവഴി സംസാരിക്കുക.

അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക

വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.

വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്ളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്നും അകറ്റി സൂക്ഷിക്കുക.

അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ അയൽക്കാരെയോ റസിഡൻസ് ഭാരവാഹികളെയോ അറിയിക്കുക. (112 ൽ വിളിച്ചാൽ പോലീസ് സഹായം ലഭ്യമാകും. ഹൈവെകളിൽ സഹായത്തിനായി 9846100100 എന്ന നമ്പറിലും ബന്ധപ്പെടാം.)

കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവർ ടോർച്ച് / സേർച്ച് ലൈറ്റുകൾ വീടുകളിൽ കരുതുക.

വീട് പൂട്ടി പുറത്തു പോകുന്നവർ മോഷ്ടാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗേറ്റിന് വെളിയിൽ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക.

വീട്ടിൽ ആളില്ലാത്ത ദിവസങ്ങളിൽ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കുക. വീടിനു മുന്നിൽ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്താൻ ഇടയുണ്ട്.

വീട് പൂട്ടി പോകുന്ന സമയം പുറത്ത് ലൈറ്റ് ഇട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയൽക്കാരെയോ റസിഡൻസ് അംഗങ്ങളെയോ സന്ധ്യക്ക് ലൈറ്റ് ഇടാൻ ഏർപ്പാട് ചെയ്യുക.

സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. നേരത്തെ തന്നെ വീട്ടിൽ മടങ്ങിയെത്താൻ ശ്രമിക്കുക.

കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക. റെസിഡൻസ് ഭാരവാഹികളുടെ / അംഗങ്ങളുടെ സഹായവും തേടാം.

പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. അങ്ങനെ ചെയ്താൽ തെളിവ് നഷ്ടപ്പെടാൻ കാരണമാവും.

നിരീക്ഷണ ക്യാമറ ഉള്ളവർ രാത്രി റെക്കോഡ് മോഡിൽ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.

#keralapolice
#theft
#robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here