മഹാരാജാസ് കോളേജിലെ ഗ്രേഡിങ്ങ് രീതി വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു; പിജി പ്രവേശനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടൽ നടത്തണമെന്ന് വിദ്യാർത്ഥികൾ

മഹാരാജാസ് കോളേജിലെ ബിരുദ മൂല്യനിർണയത്തിലെ ഗ്രേഡിങ്ങ് രീതി വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയതായി ആരോപണം. എംജി സർവകലാശാലയിലെ മറ്റ് കോളേജുകളിൽ നിന്ന് വ്യത്യസ്തമായ ഗ്രേഡിങ്ങ് സമ്പ്രദായം അവസരം നഷ്ടപ്പെടുത്തുന്നുവെന്നാണ് പരാതി. പ്രശ്ന പരിഹാരത്തിനായി പിജി പ്രവേശനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടൽ നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
2016ലെ ഡോക്ടർ ഹൃദയകുമാരി കമ്മീഷൻ റിപ്പോർട്ട് പുതിയ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കാൻ ശുപാർശ ചെയ്തിരുന്നു. 2017- മുതൽ എംജി സർവകലാശാലയിലെ ബിരുദ ബാച്ചിൽ പുതിയ രീതി നടപ്പിലാക്കാനും നിർദേശിച്ചു. എന്നാൽ മഹാരാജാസ് കോളേജിന് സ്വയംഭരണാവകാശം ലഭിച്ചതിന് പിന്നാലെ 2016 – മുതൽ പുതിയ ഗ്രേഡിങ്ങ് രീതി നടപ്പിലാക്കി.
Read Also : കണ്ണൂർ ഇരിട്ടിയിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
മറ്റിടങ്ങളിൽ 2017 മുതലാണ് നടപ്പിലാക്കിയത്. 2016 ബാച്ച് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ്, ഗ്രേഡ് പോയിന്റുകളിലെ വ്യത്യാസം പരിഗണിക്കാതെയുള്ള പി ജി പ്രവേശനം പ്രശ്നം സൃഷടിച്ചത്. എംജി സർവകലാശാലയുടെ കീഴിലുള്ള മറ്റ് കോളേജുകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ഗ്രേഡ് പോയിന്റ് ശരാശരി, മഹാരാജാസിലെ വിദ്യാർഥികളെക്കാൾ കൂടുതലാണ്. ഒരേ മാർക്ക് ലഭിച്ചാലും ഗ്രേഡ് ഗ്രേഡ് പോയിന്റിൽ വ്യത്യാസമുണ്ടാകും . ഇക്കാരണത്താൽ അലോട്ട്മെന്റ് സമയത്ത് ഇൻഡക്സ് മാർക്ക് കുറയുന്നുവെന്നാണ് ആക്ഷേപം.
കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും അവഗണിച്ചുവെന്നാണ് പരാതി. വിഷയത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു കോളേജിലേക്ക് മാർച്ച് നടത്തി. പ്രശ്ന പരിഹാരമുണ്ടാകും വരെ പി ജി പ്രവേശനം നിർത്തിവെക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഗ്രേഡിങിലെ വ്യത്യാസം താരതമ്യം ചെയ്ത് റാങ്ക് ലിസ്റ്റ് പുതുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.