സിഒടി നസീർ വധശ്രമം; പി ജയരാജന്റെ പരാതിയിൽ പാർട്ടി തല അന്വേഷണം തുടങ്ങി

മുൻ സിപിഐഎം നേതാവായ സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർട്ടി തല അന്വേഷണം തുടങ്ങി. സംസ്ഥാന സമിതി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. പി ജയരാജന്റെ പരാതിയിലാണ് സംഭവം പാർട്ടി അന്വേഷിക്കുന്നത്.
തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഓരോരുത്തരെയും പ്രത്യേകം കണ്ട് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. സിപിഐഎം കായ്യത്ത് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളിൽ നിന്നും തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ നിന്നുമാണ് അന്വേഷണ കമ്മിഷൻ തെളിവെടുത്തത്.
ആക്രമണത്തിന് പിന്നിൽ എ എൻ ഷംസീർ എം എൽ എയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്ന് സിഒടി നസീർ ആരോപിച്ചിരുന്നു. ഷംസീർ തന്നെ ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണി മുഴക്കിയിരുന്നതായും നസീർ പറഞ്ഞിരുന്നു. ആരോപണ വിധേയരായ ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. എം എൽ എ ഭിഷണിപ്പെടുത്തിയ കാര്യം ആക്രമിക്കപ്പെടുന്നതിന് മുൻപ് നസീർ പറഞ്ഞിരുന്നതായി ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.
വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി ജയരാജനാണ് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് പരാതി നൽകിയത്. സിപിഐഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെവെച്ചത്. അതിനിടെ കേസ് അന്വേഷിക്കുന്ന തലശ്ശേരി സി ഐ വി കെ വിശ്വംഭരനെയും എസ് ഐ ഹരീഷിനെയും സ്ഥലം മാറ്റി. കേസിൽ ഇതുവരെ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here