സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പതിനാറുകാരി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു

യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഒറ്റയാള്‍ സമരം നടത്തിവരുന്ന പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആഗോളതാപനം ക്രമാതീതമായി ഉയര്‍ന്നുവരുന്നതിനെതിരെ വെള്ളിയാഴ്ചകളില്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ചാണ് ഗ്രെറ്റ തന്‍ബര്‍ഗ് സമരം നടത്തുന്നത്. ഇപ്പോഴിതാ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ‘അംബാസിഡര്‍ ഫോര്‍ കണ്‍സൈന്‍സ്’ പുരസ്‌കാരം ഗ്രെറ്റ തന്‍ബര്‍ഗിനെ തേടിയെത്തിയിരിക്കുന്നു.

സ്വീഡനിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി ചരിത്രം സൃഷ്ടിക്കുകയാണ്. ഇവളുടെ ആഹ്വാനത്തിന്റെ അലയൊലികള്‍ ജര്‍മ്മനിയും റോമും കടന്ന് യൂറോപ്യന്‍ രാജ്യങ്ങളെമ്പാടും ഓസ്‌ട്രേലിയയിലും ഉഗാണ്ടയിലും മുഴങ്ങി കേള്‍ക്കുന്നു. മുതിര്‍ന്നവര്‍ ഒന്നടങ്കം ഈ പെണ്‍കുട്ടിയ്ക്കു പിന്നില്‍ അണിചേരുന്നു. ഇവളാണ് ഗ്രേറ്റ തന്‍ ബര്‍ഗ്‌.

ഈ പതിനാറുകാരി പോരാടുന്നത് ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ആഗോളതാപനത്തെ പ്രതിരോധിക്കാനുമാണ്. ഗ്രേറ്റ തന്‍ ബര്‍ഗിന്റെ സമര മുറകളെല്ലാം തന്നെ വ്യത്യസ്തവും അര്‍ഥ പൂര്‍മവും ആണെന്നതാണ് ഈ കുരുന്നിലേക്ക് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. കാലാവസ്ഥയ്ക്ക് നീതി വേണം എന്ന പ്ലക്കാര്‍ഡുമായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗ്രേറ്റ സമരമാരംഭിച്ചത്.

വെള്ളിയാഴ്ചകളില്‍ ഇവള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പാരീസ് ഉടമ്പടി അനുസരിച്ച് സ്വീഡന്‍ അന്തരീക്ഷത്തിലേക്ക് കര്‍ബണ്‍ പുറം തള്ളുന്നത് കുറയ്ക്കണം എന്നതാണ് പ്രധാന ആവശ്യം. സമരം ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ഈ ആവശ്യമുന്നയിച്ച് തെരുവിലിറങ്ങി.

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് ആഗോള തലത്തില്‍ കുട്ടികല്‍ പഠിപ്പ് മുടക്കിയതോടെ ഗ്രേറ്റ ലോക പ്രശസ്തയായി. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിമാന യാത്ര ഉപേക്ഷിക്കണമെന്ന ഗ്രേറ്റയുടെ ആവശ്യം സ്വീഡനിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെവരെ സ്തംഭനാവസ്ഥയിലെത്തിച്ചു.

ആംനെസ്റ്റി അംഗീകാരത്തിനു പുറമേ  ഈ വര്‍ഷത്തെ സമാധാനത്തിനുള്ളനോബല്‍ പുരസ്‌കാരത്തിനും ഗ്രേറ്റ തന്‍ ബര്‍ഗിനെ പരിഗണിക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More