‘ഞാൻ കളിക്കുന്നത് അവർക്കിഷ്ടമല്ലെങ്കിൽ വിരമിക്കാം’; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുഹമ്മദ് ഷഹ്സാദ്

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സാദ്. തന്നെ ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഷഹ്സാദ് ക്രിക്കറ്റ് ബോർഡിനെതിരെ രംഗത്തു വന്നത്. തനിക്ക് പരിക്കാണെന്നു കാണിച്ചാണ് ബോർഡ് ടീമിൽ നിന്നും പുറത്താക്കിയെന്നും എന്നാൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ഷഹ്സാദ് പറഞ്ഞു.
ഡോക്ടർ തനിക്ക് മരുന്ന് നൽകിയിട്ട് രണ്ട് ദിവസം വിശ്രമിക്കാനാണ് പറഞ്ഞതെന്നും താൻ പ്രാക്ടീസ് സെഷനിൽ പൂർണ്ണമായി പങ്കെടുക്കുകയും ചെയ്തുവെന്ന് ഷഹ്സാദ് പറയുന്നു. പരിശീലനത്തിനു ശേഷം ടീം ബസ്സിൽ ഇരിക്കുമ്പോഴാണ് താൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ടെന്ന വാർത്ത അറിയുന്നത്. ഡോക്ടറോട് സംസാരിച്ചപ്പോൾ അദ്ദേഹം നിസ്സഹായനായിരുന്നുവെന്നും ഷഹ്സാദ് പ്രതികരിച്ചു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് താൻ ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമല്ലെങ്കിൽ വിരമിക്കാൻ തയ്യാറാണെന്നും ഷഹ്സാദ് പറഞ്ഞു.
‘2015 ലോകകപ്പ് ടീമിൽ നിന്നും ഞാൻ പുറത്തായിരുന്നു. അപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞാണ് എന്നെ പുറത്താക്കിയത്. ഇപ്പോഴിതാ ഇങ്ങനെയും. ഞാൻ എൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇക്കാര്യത്തെപ്പറ്റി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. എൻ്റെ മനസ്സ് ഇപ്പോൾ ക്രിക്കറ്റിലില്ല.”- ഷെഹ്സാദ് പ്രതികരിച്ചു.
എന്നാൽ എസിബി ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് അസദുല്ല ഖാൻ ഷഹ്സാദിൻ്റെ ഈ ആരോപണങ്ങളെ തള്ളി. ‘ഞങ്ങൾ അദ്ദേഹം അൺഫിറ്റാണെന്ന മെഡിക്കൽ റിപ്പോർട്ട് ഐസിസിയ്ക്ക് കൈമാറി. എന്നിട്ടാണ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കിയത്. അദ്ദേഹം ഞങ്ങളുടെ പ്രധാനപ്പെട്ട ബാറ്റ്സ്മാനാണ്. കളിയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.’- അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഐസിസിയുടെ ഫുൾ മെംബർ ആയതുകൊണ്ട് തന്നെ ഫിറ്റ്നസിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണ ഫിറ്റല്ലാത്ത കളിക്കാരെ കൊണ്ടു നടക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനു വേണ്ടി ഏറ്റവുമധികം റൺസ് നേടിയ താരമാണ് ഓപ്പണിംഗ് ബാറ്റ്സ്മാനായ മുഹമ്മദ് ഷഹ്സാദ്. 84 മത്സരങ്ങളിൽ നിന്നായി 33.66 ശരാശരിയിൽ 2727 റൺസാണ് അദ്ദേഹം നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here