Advertisement

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനൂപിന് ഒരു ദിവസത്തെ പരോള്‍; വീട്ടിലെത്തിച്ചത് തമിഴ്‌നാട് പൊലീസിന്റെ സുരക്ഷയില്‍

June 10, 2019
Google News 0 minutes Read

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനൂപ് ഒരു ദിവസത്തെ പരോളിന് വീട്ടിലെത്തി.
കോയമ്പത്തൂരില്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ റാന്നി കുമ്പളാംപൊയ്ക സ്വദേശി അനുപ് ഒരു ദിവസത്തെ പരോളിനാണ് അമ്മയെ കാണാന്‍ വീട്ടിലെത്തിയത്‌.
തമിഴ്നാട് പൊലീസിന്റെ വന്‍ സുരക്ഷയിലാണ് അനൂപിനെ പത്തനംതിട്ടയിലെ വീട്ടില്‍ എത്തിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനൂപിനെ തിരികെ കൊണ്ടുപോയി.

2017 ഓഗസ്റ്റില്‍ കോയമ്പത്തൂരിലെ കറുപ്പ ഗൗണ്ടര്‍ തെരുവില്‍വെച്ച് പിടിയിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശി അനൂപ് എം ജോര്‍ജ്. ഒരു ദിവസത്തെ പരോളിലാണ് അനൂപ് അമ്മയെ കാണുവാന്‍ കുമ്പളാംപൊയ്കയിലെ തറവാട്ട് വീട്ടിലും പിന്നീട് മൂത്ത സഹോദരന്റെ വീട്ടിലും എത്തിയത്. ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് അമ്മയോടും ബന്ധുക്കളോടുമൊപ്പം കുമ്പളാംപൊയ്കയിലെ വീട്ടില്‍ കഴിയുവാന്‍ അനൂപിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ച്ച കോയമ്പത്തൂരില്‍ നിന്നും അനൂപുമായി പുറപ്പെട്ട പൊലീസ് സംഘം രാത്രി തൃശൂരിലെത്തി. അവിടെ നിന്നും പുലര്‍ച്ചെ ആറു മണിക്ക് പുറപ്പെട്ട് രാവിലെ പതിനൊന്നരയോടെ ആദ്യം കുമ്പളാംപൊയ്കയിലെ തറവാട്ടു വീട്ടിലേക്കും അവിടെ നിന്ന് ജ്യേഷ്ഠ സഹോദരന്റെ വീട്ടിലേക്കും എത്തിക്കുകയായിരുന്നു.

അനൂപ് എത്തിച്ചേര്‍ന്നതറിഞ്ഞ് ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മുന്‍കാല സുഹൃത്തുക്കളുമെല്ലാം എത്തിച്ചേര്‍ന്നു. ഇവരോടൊപ്പം വൈകുന്നേരം ആറു മണിവരെ ചെലവഴിച്ച ശേഷം അനൂപിനെ തിരികെ കോയമ്പത്തൂരിലേക്ക്് കൊണ്ടുപോയി. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ സഹായിച്ചതും കേരളത്തില്‍ ടോള്‍ പ്ലാസക്ക് നേരെ ആക്രമണം നടത്തി എന്നതുമുള്‍പ്പെടെ നിരവധി കേസുകള്‍ ആരോപിച്ചാണ് അനൂപ് കോയമ്പത്തൂരില്‍ വച്ച് അറസ്റ്റിലാകുന്നത്. മാവോയിസ്റ്റ് നേതാവ് രൂപേഷിനും ഭാര്യ ഷൈനയ്ക്കുമൊപ്പമാണ് അനൂപും പിടിയിലായത്. പിന്നീട് ഷൈന ജാമ്യത്തിലിറങ്ങുകയും രൂപേഷിനെ തൃശൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും അനൂപ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കഴിയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here