ക്രിക്കറ്റിംഗ് കാഴ്ചകളിലെ പ്രണയപരതയെയും വന്യതയെയും സമന്വയിപ്പിച്ച പ്രതിഭ; നന്ദി യുവി

2011 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ. ഇന്ത്യ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടുന്നു. ബിഗ് മാച്ച് പ്ലയർ എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന റിക്കി പോണ്ടിംഗിൻ്റെ സെഞ്ചുറിയോടൊപ്പം ബ്രാഡ് ഹാഡിൻ്റെ അർദ്ധസെഞ്ചുറിയും കൂടിച്ചേർന്നതോടെ കങ്കാരുപ്പട 50 ഓവറിൽ 260/6. മറുപടി ബാറ്റിംഗിൽ സച്ചിനും ഗംഭീറിനുമൊപ്പം അർദ്ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന് ഇന്ത്യയെ ജയിപ്പിച്ച് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ ഒരു പഞ്ചാബുകാരനുണ്ടായിരുന്നു. യുവി എന്ന യുവരാജ് സിംഗ്.
യുവി ലോകകപ്പുകളുടെ താരമായിരുന്നു. 1996ൽ ഇന്ത്യ അണ്ടർ-15 ലോകകപ്പ് ജേതാക്കളായപ്പോൾ ടൂർണമെൻ്റിലെ താരം യുവി ആയിരുന്നു. 2000ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും യുവിയും ആ പതിവ് തുടർന്നു. പിന്നീട് 2007ലെ പ്രഥമ ടി-20 ലോകകപ്പിൽ ഇന്ത്യ മുത്തമിട്ടപ്പോഴും മാൻ ഓഫ് ദി മാച്ച് യുവി തന്നെയായിരുന്നു. 28 വർഷങ്ങൾക്കു ശേഷം 2011ൽ ലോകകപ്പ് നേടിയ ഇന്ത്യക്കു വേണ്ടി അവിശ്വസനീയ പ്രകടനം നടത്തിയ യുവരാജ് വീണ്ടും മാൻ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൽ ലോകകപ്പ് വിജയങ്ങളിൽ യുവരാജിൻ്റെ പ്രകടനങ്ങൾ അവിശ്വസനീയമായിരുന്നു.
യുവരാജിൻ്റെ ക്രിക്കറ്റ് യാത്ര ആരെയും മോഹിപ്പിക്കുന്നതായിരുന്നു. ചെറുപ്രായത്തിൽ, 13ആം വയസ്സിൽ അണ്ടർ-15 ലോകകപ്പ് കളിച്ച യുവി 16ആം വയസ്സിൽ ഫസ്റ്റ് ക്ലാസ് കരിയറിനു തുടക്കമിട്ടു. അപ്പോൾ തന്നെ ഒരു ചെറു സെലബ്രിറ്റിയായിക്കഴിഞ്ഞ യുവരാജ് 18ആം വയസ്സിൽ ബീഹാറിനെതിരെ നടന്ന കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ നേടിയ 358 റൺസ് ഒരു വിളംബരമായിരുന്നു. ആ ഇന്നിംഗ്സിനെപ്പറ്റി ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയിൽ പറയുന്നുണ്ട്. പിന്നീടായിരുന്നു അണ്ടർ-19 ലോകകപ്പ്.
മുഹമ്മദ് കൈഫിൻ്റെ നായകത്വത്തിനു കീഴിൽ ഇന്ത്യ കിരീടധാരികളായപ്പോൾ യുവി ആയിരുന്നു മാൻ ഓഫ് ദി മാച്ച്. ആ പ്രകടനം യുവിയെ സീനിയർ കുപ്പായത്തിലെത്തിച്ചു. 2000ൽ തന്നെ ഐസിസി നോക്കൗട്ട് ട്രോഫിയിൽ കെനിയക്കെതിരെ അരങ്ങേറിയ യുവിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നത് ഓസ്ട്രേലിയക്കെതിരെ ക്വാർട്ടർ ഫൈനലിലായിരുന്നു. ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ജേസൻ ഗില്ലസ്പി എന്നിങ്ങനെ ഓസീസിൻ്റെ ഏറ്റവും മികച്ച പേസർമാർ ഉൾപ്പെടുന്ന ബ്ബൗളിംഗ് അറ്റാക്കിനെതിരെ 80 പന്തുകളിൽ 84 അടിച്ച യുവരാജ് ആ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ചായി. പിന്നീട് ഉയർന്നും താഴ്ന്നും ഒരു കരിയർ.
2002 നാറ്റ്‌വെസ്റ്റ് ട്രോഫിയായിരുന്നു പിന്നീട് യുവരാജിനെ ലോകം ശ്രദ്ധിക്കാൻ ഇടയാക്കിയത്. ഫൈനലിൽ ഇംഗ്ലണ്ടിൻ്റെ 325 റൺസ് പിന്തുടർന്ന ഇന്ത്യ 146/5 എന്ന നിലയിൽ പതറി നിൽക്കുമ്പോഴാണ് യുവരാജും കൈഫും ഒന്നിക്കുന്നത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. 69 റൺസെടുത്ത യുവരാജ് പുറത്തായെങ്കിലും പിടിച്ചു നിന്ന കൈഫ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഗ്രൂപ്പ് മാച്ചുകളിൽ യുവരാജ് നടത്തിയ ഓൾറൗണ്ട് പ്രകടനങ്ങളും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി.
ടി-20 ലോകകപ്പ് ആരംഭിച്ചത് 2007ലായിരുന്നു. പ്രമുഖ താരങ്ങളൊന്നുമില്ലാതെ എംഎസ് ധോണിയുടെ കീഴിൽ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയൊക്കെ ഒന്ന് കണ്ട് വരാമെന്ന ചിന്ത മാത്രമായിരുന്നു. എന്നാൽ യുവരാജ് സിംഗ് എന്ന ക്ലീൻ ഹിറ്റർ തൻ്റെ വിശ്വരൂപം പുറത്തെടുത്തതോടെ ഇന്ത്യ ഹോട്ട് ഫേവരിറ്റുകളായി. ഇംഗ്ലണ്ടിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ച യുവി 12 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചു. സെമിയിൽ കരുത്തരായ കങ്കാരുപ്പടയെ ഒറ്റക്ക് തകർത്തെറിഞ്ഞ യുവിയുടെ 30 പന്തുകളിൽ 70 ഇന്ത്യയെ ഫൈനലിലെത്തിച്ചു.
2011 ലോകകപ്പിൽ യുവരാജ് ചെയ്തത് എല്ലാവർക്കും അറിവുള്ളതാണല്ലോ. 362 റൺസും 15 വിക്കറ്റുകളും നേടിയ യുവരാജ് വീണ്ടും ഇന്ത്യയെ ലോകത്തിൻ്റെ നെറുകയിലെത്തിച്ചു. ലോകകപ്പിനിടെ ഗ്രൗണ്ടിൽ രക്തം ഛർദ്ദിച്ച യുവിക്ക് അർബുദമാണെന്ന് പുറം ലോകമറിഞ്ഞത് പിന്നീടാണ്. ലോകകപ്പിനു മുൻപ് തന്നെ അസുഖം തിരിച്ചറിഞ്ഞിട്ടും സച്ചിനു വേണ്ടി ലോകകപ്പ് നേടണമെന്ന വാശിയിൽ അത് മറച്ചു വെച്ച് ടൂർണമെൻ്റിലെ മികച്ച താരമായ യുവിയെ ഏത് അളവു കോൽ കൊണ്ടാണ് അളക്കേണ്ടത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീൻ ഹിറ്റർമാരിൽപെട്ടയാളാണ് യുവരാജ് സിംഗ്. ഫ്ലാമ്പോയൻ്റ് ഡ്രൈവുകളും ക്രിസ്പ് കട്ടുകളും കൈമുതലായുള്ള ഒരു അസാമാന്യ ബാറ്റ്സ്മാൻ. രോഹിത് ശർമ്മയുടെ വരവിനു മുൻപ് പുൾ ഷോട്ടുകൾ ഇത്ര ആധികാരികതയോടെ കളിക്കുന്ന ഒരു കളിക്കാരൻ ഇന്ത്യ കണ്ടിട്ടില്ല. സച്ചിനാണ് യുവിയ്ക്ക് അല്പമെങ്കിലും ഭീഷണിയായിരുന്നത്. ഒപ്പം ഒരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെ എലഗൻസ് കൂടിയാകുമ്പോൾ മണിക്കൂറുകളോളം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ബാറ്റിംഗാണ് യുവരാജിൻ്റേത്. ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും ഫിനിഷ് ചെയ്യാനുമറിയാവുന്ന റെയർ ബ്രീഡ്. ബ്രൂട്ട് പവറിനൊപ്പം അസാമാന്യ ടൈമിംഗും ഒത്തു ചേർന്ന ഒരു പ്രതിഭ. അതിനപ്പുറം അർപ്പണ ബോധവും പോരാട്ട വീര്യവും പ്രകടിപ്പിച്ച ഒരു അസാധാരണ വ്യക്തിത്വം.
ക്യാൻസറിനു ശേഷമിന്നോളം പഴയ യുവരാജിനെ കളത്തിൽ കണ്ടിട്ടില്ല. റിഫ്ലക്ട് നഷ്ടപ്പെട്ട യുവി ഫീൽഡിലും ശരാശരിയായി. തോൽക്കാൻ കൂട്ടാക്കാതിരുന്ന യുവരാജ് ചില മികച്ച ഇന്നിംഗ്സുകളിലൂടെ തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ശരീരം അനുവദിച്ചില്ല. 2017ൽ യോ യോ ടെസ്റ്റ് പരാജയപ്പെട്ട അദ്ദേഹത്തിൻ്റെ അന്താരാഷ്ട്ര കരിയർ അവിടെ അവസാനിച്ചു.
ജീവിതം പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ശക്തമായി തിർച്ചു വന്ന യുവി, അവസാന ഘട്ടത്തിൽ താങ്കൾക്ക് അതിനു സാധിച്ചില്ലെന്ന ബോധം കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. എൻ്റെ ക്രിക്കറ്റിംഗ് കാഴ്ചകളിലെ പ്രണയപരതയെയും വന്യതയെയും ഒരുപോലെ ചേർത്തു പിടിച്ച് താങ്കൾ ഗ്രൗണ്ടിൻ്റെ നാലുപാടും പായിക്കുന്ന ഷോട്ടുകളുടെ മനോഹാരിത എത്രയോ വട്ടം കണ്ടിരിക്കുന്നു. മടുപ്പില്ലാതെ കണ്ടിരുന്ന താങ്കളുടെ ബാറ്റിംഗ് അങ്ങനെ തന്നെ ഓർമ്മകളിൽ നിറയട്ടെയെന്ന ആഗ്രഹം മാത്രമാണ്. പേസ് നേരിടനാവാതെ വിഷമിക്കുകയും ഫുട്‌വർക്ക് ശരിയാവാതെ തല താഴ്ത്തി പവലിയനിലേക്ക് നടക്കുകയും ചെയ്യുന്ന കാഴ്ച താങ്കൾക്ക് പറ്റിയതല്ല യുവി. താങ്കൾ ചാമ്പ്യനാണ്. പോരാളിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരുപക്ഷേ, ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് താങ്കളോടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here