യുവിക്ക് ഹൃദയം തൊടുന്ന ആശംസയുമായി ഗാംഗുലി; അതിലേറെ ഹൃദ്യമായ മറുപടിയുമായി ‘ദാദ ബോയ്’

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജിന് ഹൃദയം തൊടുന്ന ആശംസയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഗാംഗുലിയുടെ ആശംസയ്ക്ക് ഹൃദ്യമായ മറുപടിയുമായി യുവരാജും രംഗത്തു വന്നു. ഇരുവരും ട്വിറ്ററിലൂടെ നടത്തിയ സംഭാഷണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

‘പ്രിയപ്പെട്ട യുവി, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യമുണ്ട്. ഇതൊരു മനോഹരമായ സംഗതിയായിരുന്നുവെന്ന് ഞാൻ നിന്നോട് പറയട്ടെ. പ്രിയപ്പെട്ടവനേ, നീയെനിക്ക് എൻ്റെ സഹോദരനെപ്പോലെയായിരുന്നു. ഇപ്പോൾ (കരിയർ) അവസാനിച്ചപ്പോൾ അതിലേറെ പ്രിയപ്പെട്ടവനായി. ഈ രാജ്യം മുഴുവൻ നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ഒരുപാട് ഇഷ്ടം. വളരെ മികച്ച കരിയർ’- ഇങ്ങനെയായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഏറെ വൈകാതെ യുവിയുടെ മറുപടിയുമെത്തി.

‘ഇന്ത്യക്കു വേണ്ടി കളിക്കാനും എൻ്റെ സ്വപ്നങ്ങളിൽ ജീവിക്കാനും അവസരം നൽകിയതിന് നന്ദി ദാദി. നിങ്ങൾ എപ്പോഴും എനിക്ക് സ്പെഷ്യൽ ആയിരിക്കും.’- യുവിയുടെ മറുപടി ആരാധകരെ വർഷങ്ങളോളം പിറകിലേക്ക് കൊണ്ടു പോയി. ട്വീറ്റിനു താഴെ പഴയ ഓർമ്മകൾ പങ്കു വെച്ച ആരാധകർ ഇരുവരെയും വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അറിയിക്കുന്നു.

സൗരവ് ഗാംഗുലി ഇന്ത്യൻ നായകനായിരുന്നപ്പോഴാണ് യുവരാജ് ഇന്ത്യക്കായി അരങ്ങേറുന്നത്. യുവി പടിയിറങ്ങിയതോടെ 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി കളിച്ച താരങ്ങളിൽ ഒരേയൊരാൾ കൂടിയാണ് ഇനി വിരമിക്കൽ പ്രഖ്യാപനം നടത്താൻ ബാക്കിയുള്ളത്. ഒരു തലമുറയെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയ ഒരുപറ്റം കളിക്കാർ ഇനി ഇന്ത്യൻ ജേഴ്സിയിലില്ല എന്ന തിരിച്ചറിവാണ് ആരാധകർ പങ്കു വെക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More