വാർണറിന് സെഞ്ചുറി; ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

ലോകകപ്പിലെ 17ആം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. 36 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ഓസീസ് നേടിയത്. സെഞ്ചുറി നേടിയ വാർണറാണ് ഓസീസ് ഇന്നിംഗ്സിൻ്റെ നെടുന്തൂൺ.

പേസർമാരെ തുണയ്ക്കുമെന്ന് കരുതപ്പെട്ട പിച്ചിൽ മുഹമ്മദ് ആമിർ ഒഴികെ ബാക്കിയാർക്കും ഓസീസ് ഓപ്പണർമാർക്ക് ഭീഷണിയാവാൻ കഴിഞ്ഞില്ല. ആമിറിനൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്ത യുവ പേസർ ഷഹീൻ അഫ്രീദി തല്ല് വാങ്ങിക്കൂട്ടിയതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി. പകരം ഹസൻ അലിയെ കൊണ്ടു വന്നെങ്കിലും റൺ നിരക്ക് കുറഞ്ഞില്ല. ഫിഞ്ച് ആക്രമിച്ച് കളിച്ചപ്പോൾ വാർണർ അല്പം കൂടി സൂക്ഷ്മതയോടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി.

23ആം ഓവറിൽ, 146 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. 82 റൺസെടുത്ത ആരോൺ ഫിഞ്ചിനെ പുറത്താക്കിയ മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് വേഗം പുറത്തായി. 10 റൺസെടുത്ത സ്മിത്തിനെ ഹഫീസിൻ്റെ പന്തിൽ ആസിഫ് അലി പിടികൂടി.

ഫിഞ്ച് പുറത്തായതിനു പിന്നാലെ ഗിയർ മാറ്റിയ വാർണറോടൊപ്പം കൂറ്റൻ ഷോട്ടുകളുമായി മാക്സ്‌വൽ കളം നിറഞ്ഞതോടെ ഓസീസ് സ്കോർ കുതിച്ചു. എന്നാൽ 34ആം ഓവറിൽ മാക്സ്‌വലിനെ പുറത്താക്കിയ ഷഹീൻ അഫ്രീദി പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. 10 പന്തുകളിൽ 20 റൺസെടുത്ത മാക്സ്‌വലിനെ ഷഹീൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

ഇതിനിടെ 102 പന്തുകളിൽ വാർണർ ശതകം കുറിച്ചു. 104 നേടിയ വാർണറോടൊപ്പം ഷോൺ മാർഷ് (3) ആണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More