പശ്ചിമ ബംഗാളിൽ നിന്നും കാണാതായ ബിജെപി പ്രവർത്തകന്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി

പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി നടത്തിയ ബന്ദിനിടെ കാണാതായ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാൾഡയിൽ നിന്നും കാണാതായ ആഷിഖ് സിംഗ് എന്ന പ്രവർത്തകന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അതിനിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേയ്ക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി.

തൃണമൂൽ ബിജെപി സംഘർഷത്തിൽ മരിച്ച ബിജെപി പ്രവർത്തകന്റെ മൃതദേഹം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാർട്ടി ഓഫീസിലേക്കെത്തിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ബിജെപി തിങ്കളാഴ്ച ബന്ദ് നടത്തിയത്. ഇതിനിടെയാണ് ആഷിഖ് സിംഗിനെ കാണാതായത്. ഇന്ന് പുലർച്ചെ മാൾഡക്ക് സമീപം പാടത്താണ് മൃതദേഹം കണ്ടെത്തിയത്.

ബിജെപി പ്രവർത്തകർക്കെതിരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് എം പി അർജുൻ സിംഗിന്റെ നേതൃത്വത്തിലാണ് പൊലീസ് അസ്ഥാനത്തേയ്ക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ബിജെപി പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെയാണ് മാർച്ച് അക്രമാസക്തമായത്. പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന ബിജെപി-തൃണമൂൽ കോൺഗ്രസ് സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More