Advertisement

‘അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നു’; ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകത്തിൽ തോമസ് ഐസക്

June 13, 2019
Google News 0 minutes Read

ഡിവൈഎഫ്ഐയുടെ തിരുനെൽവേലി ജില്ലാ ട്രഷറർ അശോകിന്റെ കൊലപാതകം, രാജ്യത്തിന്റെ പലഭാഗത്തും നിലനിൽക്കുന്ന ജാതിവെറിയുടെ രൂക്ഷത വ്യക്തമാക്കുന്നെന്ന് മന്ത്രി തോമസ് ഐസക്. അയിത്ത നിർമാർജന മുന്നണിയുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സഖാവ് അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

പൊതുവഴി ഉപയോഗിക്കാനും പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനും പൊതുമണ്ഡലങ്ങളിൽ അന്തസോടെ നിലയുറപ്പിക്കാനും ജാതിയിൽ താഴ്ന്നതെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യർക്ക് സ്വതന്ത്ര ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും സാധ്യമല്ല. പൊതുവഴി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം അശോകിന്റെ അമ്മയെ സവർണജാതി ഭ്രാന്തുപിടിച്ചവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും സവർണതയെ ചോദ്യം ചെയ്തതുമാണ് അശോകിനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നും തോമസ് ഐസക് പറയുന്നു.

തമിഴ്‌നാട്ടിലെ ജാതിവിവേചനത്തിനെതിരെ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നിരന്തരമായ പോരാട്ടത്തിലാണ്. സിപിഐഎമ്മും അയിത്ത നിർമ്മാർജന മുന്നണിയും മുന്നിൽ നിന്നു നയിച്ച പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഉത്തപുരത്തെ ജാതിമതിലും തിരുപ്പൂരിൽ ദളിതർ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിർമിച്ച കമ്പിവേലിയുമൊക്കെ തകർന്നു വീണത്. അയിത്ത നിർമ്മാർജനത്തിനുവേണ്ടി സിപിഐഎം തമിഴ്‌നാട്ടിൽ നടത്തുന്ന പോരാട്ടങ്ങളെ ഇത്തരം കൊലപാതകങ്ങളിലൂടെ തകർക്കാൻ കഴിയുമെന്നാണ് ജാതിക്കോമരങ്ങളുടെ ധാരണയെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഡിവൈഎഫ്‌ഐയുടെ തിരുനെൽവേലി ജില്ലാ ട്രഷറർ സഖാവ് അശോകിന്റെ കൊലപാതകം, രാജ്യത്തിന്റെ പലഭാഗത്തും നിലനിൽക്കുന്ന ജാതിവെറിയുടെ രൂക്ഷത വ്യക്തമാക്കുന്നു. ഉഥഎകയുടെ നേതാവ് എന്ന നിലയിൽ അയിത്ത നിർമാർജന മുന്നണിയുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സഖാവ് അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നു. പൊതുവഴി ഉപയോഗിക്കാനും പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനും പൊതുമണ്ഡലങ്ങളിൽ അന്തസോടെ നിലയുറപ്പിക്കാനും ജാതിയിൽ താഴ്ന്നതെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യർക്ക് സ്വതന്ത്ര ഇന്ത്യയിൽ പലേടത്തും ഇപ്പോഴും സാധ്യമല്ല എന്നത് രാജ്യത്തിന്റെ കണ്ണു തുറപ്പിക്കേണ്ട യാഥാർത്ഥ്യമാണ്.

പൊതുവഴി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം സ.അശോകിന്റെ അമ്മയെ സവർണജാതിഭ്രാന്തു പിടിച്ചവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും സവർണതയെ ചോദ്യം ചെയ്തതുമാണ് അശോകിനെ കൊലപ്പെടുത്താനുള്ള പ്രകോപനം.

തമിഴ്‌നാട്ടിലെ ജാതിവിവേചനത്തിനെതിരെ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും നിരന്തരമായ പോരാട്ടത്തിലാണ്. സിപിഐഎമ്മും അയിത്ത നിർമ്മാർജന മുന്നണിയും മുന്നിൽ നിന്നു നയിച്ച പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഉത്തപുരത്തെ ജാതിമതിലും തിരുപ്പൂരിൽ ദളിതർ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിർമിച്ച കമ്പിവേലിയുമൊക്കെ തകർന്നു വീണത്. അയിത്ത നിർമ്മാർജനത്തിനുവേണ്ടി സിപിഐഎം തമിഴ്‌നാട്ടിൽ നടത്തുന്ന പോരാട്ടങ്ങളെ ഇത്തരം കൊലപാതകങ്ങളിലൂടെ തകർക്കാൻ കഴിയുമെന്നാണ് ജാതിക്കോമരങ്ങളുടെ ധാരണ.

മനുഷ്യാന്തസ് ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ സിപിഐഎം ഒരിഞ്ചു പുറകോട്ടു പോകില്ല. ആ സമരഭൂമിയിൽ ധീരരക്തസാക്ഷിത്വം വരിച്ച സഖാവ് അശോകിന് വിപ്ലവാഭിവാദ്യങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here