ഫിഞ്ചിന് സെഞ്ചുറി; ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

ശ്രീലങ്കക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. 36 ഓവർ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് ഓസീസ് നേടിയിരിക്കുന്നത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഓസീസിനെ മുന്നിൽ നിന്നു നയിക്കുന്നത്.
ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയ മികച്ച രീതിയിലാണ് തുടങ്ങിയത്. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന ഓപ്പണിംഗ് ജോഡി ശ്രീലങ്കൻ ബൗളർമാരെ അനായാസം നേരിട്ടു. ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഈ സഖ്യം വേർപിരിയുന്നത്. 17ആം ഓവറിൽ ഡേവിഡ് വാർണറെ ക്ലീൻ ബൗൾഡാക്കി ധനഞ്ജയ ഡിസിൽവ ഓസീസിൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്താണ് വാർണർ പുറത്തായത്.
തുടർന്ന് ക്രീസിലെത്തിയ ഉസ്മാൻ ഖവാജ പെട്ടെന്ന് പുറത്തായി. 10 റൺസെടുത്ത ഖവാജയെയും ഡിസിൽവയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്തും ആരോൺ ഫിഞ്ചും ചേർന്ന് അനായാസം ബാറ്റ് ചെയ്യുകയാണ്. ഇതിനിടെ 97 പന്തുകളിൽ തൻ്റെ ശതകം കുറിച്ച ഫിഞ്ച് സ്മിത്തുമായി മൂന്നാം വിക്കറ്റിൽ 103 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിട്ടുണ്ട്. ഫിഞ്ച് 111 റൺസെടുത്തും സ്മിത്ത് 45 റൺസെടുത്തും പുറത്താവാതെ നിൽക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here