തകർന്നടിഞ്ഞ് ശ്രീലങ്ക; ഓസ്ട്രേലിയ ജയത്തിലേക്ക്

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക തകരുന്നു. നിലവിൽ 37 ഓവറിൽ 218 റൺസ് ശ്രീലങ്ക നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ദിമുത് കരുണരത്നെ, കുശാൽ പെരേര, ലഹിരു തിരിമന്നെ, ആഞ്ചലോ മാത്യൂസ്, മിലിന്ദ സിരിവർദന, തിസാര പെരേര എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

335 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഉജ്ജ്വല തുടക്കമാണ് ഓപ്പണർമാർ നൽകിയത്. സ്റ്റാർക്കും കമ്മിൻസും ചേർന്ന ഓസീസ് പേസ് അറ്റാക്കിനെ അനായാസം നേരിട്ട ഇരുവരും വളരെ വേഗത്തിൽ സ്കോർ ചെയ്തു. കുശാൽ പെരേരയായിരുന്നു ഏറെ ആക്രമണകാരി. അർദ്ധസെഞ്ചുറിയടിച്ചതിനു പിന്നാലെ മടങ്ങിയെങ്കിലും അദ്യ വിക്കറ്റിൽ കരുണരത്നെയുമായി ചേർന്ന് 115 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പെരേര പടുത്തുയർത്തിയിരുന്നു. 16ആം ഓവറിൽ പുറത്താവുമ്പോൾ 36 പന്തുകളിൽ 52 റൺസായിരുന്നു പെരേരയുടെ സമ്പാദ്യം.

മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ലഹിരു തിരിമന്നെ (16) ജേസൻ ബെഹ്രണ്ടോർഫിൻ്റെ പന്തിൽ അലക്സ് കാരി പിടിച്ച് പുറത്തായി. പിന്നാലെ 97 റൺസെടുത്ത കരുണരത്നെ കെയിൻ റിച്ചാർഡ്സണിൻ്റെ പന്തിൽ മാക്‌സ്വെല്ലിനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ ലങ്ക തകർന്നു. ആഞ്ചലോ മാത്യൂസ് (9), മിലിന്ദ സിരിവർദന (3), തിസാര പെരേര (7) എന്നിവർ വേഗം പുറത്തായി. മാത്യൂസിനെ കമ്മിൻസ് അലക്സ് കാരിയുടെ കൈകളിലെത്തിച്ചപ്പോൾ സിരിവർദനയെ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പെരേരയും സ്റ്റാർക്കിന് ഇരയായി.

29 റൺസെടുത്ത കുശാൽ മെൻഡിസും റണ്ണൊന്നുമെടുക്കാതെ ധനഞ്ജയ ഡിസിൽവയുമാണ് ക്രീസിൽ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top