കാശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദക്ഷിണ കാശ്മീരിലെ അചാബൽ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ഒരു മേജർ ഉൾപ്പെടെ മൂന്ന് സേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസും ജമ്മുകാശ്മീർ പൊലീസിലെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു.
തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. ഭീകരർ ഒളിച്ചിരുന്ന പ്രദേശം വളഞ്ഞ് സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. മരിച്ചവർ ഏത് ഭീകരസംഘടനയിൽ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വെടിവെപ്പ് തുടരുന്നതായാണ് വിവരം. അനന്ത്‌നാഗ് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here