Advertisement

2022 ലോകകപ്പ് വേദി ഖത്തറിനു നൽകി; മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു

June 18, 2019
Google News 1 minute Read

2022 ലോകകപ്പ് വേദി ഖത്തറിനു നൽകിയ വിഷയത്തിൽ മുൻ യുവേഫ പ്രസിഡൻ്റ് മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെൻഡൻ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പാരീസിൽ വെച്ചാണ് പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയപാർട്ടിൻ്റെ റിപ്പോർട്ടനുസരിച്ചാണ് അറസ്റ്റ്. ഖത്തറിനു ലോകകപ്പ് വേദി നൽകിയതിൽ അഴിമതിയുണ്ടെന്നായിരുന്നു റിപ്പോർട്ട്.

നേരത്തെ, ഖത്തറിനു വേദി നൽകുന്നതിനായി പ്ലാറ്റിനി വോട്ടു മറിച്ചെന്നായിരുന്നു ആരോപണമുയർന്നത്. ചൈനയെ മറികടന്ന് ഖത്തർ വേദി സ്വന്തമാക്കിയതിനു പിന്നിൽ അന്നത്തെ യുവേഫ പ്രസിഡൻ്റായിരുന്ന പ്ലാറ്റിനിയുടെ ഇടപെടലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ ഫിഫ പ്രസിഡൻ്റ്  സെപ് ബ്ലാറ്റർ എഴുതിയ പുസ്തകത്തിലൂടെയാണ് ഈ ആരോപണമുയർന്നത്.

മുൻ ഫ്രഞ്ച് പ്രസിഡൻ്റ് നിക്കോളാസ് സർക്കോസിയാണ് പ്ലാറ്റിനിയോട് ഖത്തറിനു വേദി നൽകാൻ ആവശ്യപ്പെട്ടത്. ഫ്രഞ്ച് ക്ലബായ പാരിസ് സെയിൻ്റ് ജർമനു വേണ്ടി ഇടക്കാലത്ത് വന്നു ചേർന്ന വൻ നിക്ഷേപം ഖത്തർ വ്യവസായിൽ നിന്നാണ് വന്നത്. മാത്രമല്ല, ബീയിൻ സ്പോർട്സ് എന്ന ഫ്രഞ്ച് സ്പോർട്സ് ചാനൽ തുടങ്ങിയതും ഖത്തർ കേന്ദ്രീകരിച്ചുള്ള ഒരു മീഡിയ ഗ്രൂപ്പായിരുന്നു. ഇതൊക്കെ 2022 ലോകകപ്പ് വേദി സ്വന്തമാക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകകപ്പ് വേദി ഖത്തറിനു നൽകാൻ സർക്കോസി പ്ലാറ്റിനിയോട് ആവശ്യപ്പെട്ടത് ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here