കോഴിക്കോട് ചെങ്കൽ ക്വാറി ഇടിഞ്ഞ് രണ്ട് മരണം

കോഴിക്കോട് ചെറുവാടി പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 പേർ മരിച്ചു. ചെങ്കൽ മെഷീന്റെ ഡ്രൈവർമാരായ ചെറുവാടി സ്വദേശി അബ്ദുൾ റഹ്മാൻ, എടവണ്ണപ്പാറ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു.

രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. നാട്ടുകാരും ഫയർഫേഴ്‌സും നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്തി മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് 20 ഓളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് സന്ദർശനം നടത്തിയ താസിൽദാർ ക്വാറി ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു.

നിരവധി ചെങ്കൽ ക്വാറികളുള്ള പ്രദേശമാണ് പഴംപറമ്പ്. അപകടം നടന്ന ക്വാറിക്ക് പലവട്ടം സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More