ഇന്ത്യക്കെതിരായ തോൽവി: സാനിയയെ ട്രോളി പാക്ക് നടി; വായടപ്പിക്കുന്ന മറുപടിയുമായി സാനിയ

ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ സാനിയയെ ട്രോളി പാക്ക് നടി വീണ മാലിക്ക്. ട്വിറ്ററിലൂടെയാണ് വീണ സാനിയയെ പരിഹസിച്ച് രംഗത്തു വന്നത്. ഏറെ വൈകാതെ വീണയ്ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാനിയയും രംഗത്തെത്തി.

‘ഷീഷാ ബാറിലേക്ക് അവരുമായി പോയതും, ജങ്ക് ഫുഡ് കഴിച്ചതും കളിക്കാര്‍ക്ക് ദോഷമുണ്ടാക്കുന്നതാണ്, അമ്മയും അത്‌ലറ്റുമായ നിങ്ങള്‍ക്കത് അറിയില്ലേ?’ എന്നായിരുന്നു വീണയുടെ ട്വീറ്റ്. ഇന്ത്യയുമായുള്ള മത്സരത്തിനു മുൻപ് പാക്കിസ്ഥാൻ കളിക്കാർ ജങ്ക് ഫുഡ് കഴിച്ചു എന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വീണയുടെ ട്വീറ്റ്. എന്നാൽ വീണയെ രൂക്ഷമായി വിമർശിച്ച് സാനിയ രംഗത്തെത്തി.

‘എന്റെ കുട്ടിയുമായി ഞാന്‍ ഷീഷാ ബാറിലേക്ക് പോയിട്ടില്ല. എന്റെ കുട്ടിയുടെ കാര്യം നിങ്ങളന്വേഷിക്കേണ്ട കാര്യമില്ല. മറ്റാരേക്കാളും കൂടുതല്‍ എന്റെ മകന്റെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധാലുവാണ്. ഞാന്‍ പാക് ക്രിക്കറ്റ് ടീമിന്റെ അമ്മയോ, ഡയറ്റീഷനോ, പ്രിന്‍സിപ്പലോ, ടീച്ചറോ അല്ല’- സാനിയ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം, കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ഷൊഐബ് മാലിക്കും ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഷീഷാ ബാറിലിരിക്കുന്ന വീഡിയോ ജൂണ്‍ 13ലേതാണെന്നും, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് തലേന്നത്തെ അല്ലെന്നും മാലിക്ക് പറഞ്ഞു. 20 വർഷമായി താൻ രാജ്യത്തിനു വേണ്ടി കളിക്കുന്നുവെന്നും എന്നിട്ടും വ്യക്തി ജീവിതത്തില്‍ വിശദീകരണം നല്‍കണം എന്നത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാണ് പാക് മാധ്യമങ്ങള്‍ക്ക് നമ്മുടെ കോടതികളില്‍ വിശ്വാസ്യത തെളിയിക്കേണ്ടി വരുന്നത് എന്നും മാലിക്ക് ചോദിക്കുന്നു. മോശം വാക്കുകള്‍ കളിക്കാര്‍ക്കെതിരെ ഉപയോഗിക്കാതിരിക്കൂ എന്ന് പാക് താരം മുഹമ്മദ് ആമിറും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top