പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന്

രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.പാർലമെൻറിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ മാത്രമെ പങ്കെടുക്കാവുവെന്നാണ് നിർദേശം. അധ്യക്ഷ പദവികൾ ഇല്ലാത്ത പാർട്ടികൾക്ക് ചർച്ചയിൽ പങ്കെടുക്കാനാകുമോയെന്ന കാര്യത്തിൽ ആശയ കുഴപ്പം നിലനിൽക്കുകയാണ്. രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്ന രീതി ജനാധിപത്യവിരുദ്ധമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും.

ഒന്നാം നരേന്ദ്രമോദി സർക്കാരിൻറെ കാലത്ത് തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. രണ്ടാം തവണ അധികാരത്തിൽ വന്നയുടൻ തന്നെ ഇക്കാര്യത്തിൽ നയപരമായ തീരുമാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അതിന് വേണ്ടിയാണ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പ്രധാനമന്ത്രി സർവ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിന് ക്ഷണിച്ച് കൊണ്ട് പാർലമെൻററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അയച്ച കത്തിൽ പാർലമെൻറിൽ പ്രതിനിധികളുള്ള പാർട്ടികളുടെ അധ്യക്ഷൻമ്മാർ മാത്രമെ പങ്കെടുക്കാവുവെന്നും പ്രതിനിധികളെ അയക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികൾക്കും എതിർപ്പാണ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമെ കോൺഗ്രസ് ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളു.

വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യു പി എ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേർത്ത യോഗത്തിൽ എസ് പി, ബി എസ് പി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ പങ്കെടുത്തിരുന്നില്ല. അവരെ കൂടി ഇന്നത്തെ ചർച്ചയിൽ പങ്കാളികളാക്കുകയും പൊതു നിലപാട് രൂപീകരിക്കുകയുമാണ് കോൺഗ്രസിൻറെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top