ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനഃസൃഷ്ടിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപടകം പുനഃസൃഷ്ടിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ട്രയൽ റൺ നടത്തിയത്. ടൊയോട്ട കമ്പനി നൽകിയ ഇന്നോവ കാർ ഉപയോഗിച്ചാണ് അപകടം പുനഃസൃഷ്ടിച്ചത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ട്രയൽ റൺ വീക്ഷിച്ച് കാര്യങ്ങൾ വിലയിരുത്തി.
ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തിൽപ്പെട്ട പള്ളിമുക്കിലാണ് ട്രയൽ റൺ നടത്തിയത്. മംഗലപുരം ഭാഗത്തു നിന്നും അഞ്ച് കിലോമീറ്റർ വേഗത്തിൽ ഓടിച്ചുകൊണ്ടുവന്ന വാഹനം, ബാലഭാസ്‌ക്കറിന്റെ കാർ ഇടിച്ചു കയറിയ മരത്തിന് ഒരുമീറ്റർ അകലെ നിർത്തി. വാഹനം ഇടിച്ചു കയറിയാലുള്ള സാഹചര്യം ഉദ്യോഗസ്ഥർ വിലയിരുത്തി. അപകടം നടന്നപ്പോൾ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ഏതൊക്കെ രീതിയിൽ പരിക്ക് സംഭവിച്ചിരുന്നിരിക്കാം എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു. ട്രയൽ റൺ നടന്ന സമയത്ത് പ്രദേശത്തെ വാഹന ഗതാഗതം ഹൈവേ പൊലീസ് നിയന്ത്രിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരേയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരേയും കൂടാതെ ഇന്നോവ സർവീസ് എഞ്ചിനീയേഴ്‌സ്, ഫോറൻസിക് എക്‌സ്‌പേർട്ട്, എന്നിവരും ചേർന്നാണ് അപകട സാഹചര്യം പുനഃസൃഷ്ടിച്ചത്. ഫോറൻസിക് പരിശോധനാ ഫലം വന്നതിനു ശേഷം നിഗമനത്തിൽ എത്തിച്ചേരുമെന്ന് ഡിവൈഎസ്പി ഹരികൃഷ്ണൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here