ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 ആയി; മുന്നൂറോളം കുട്ടികൾ അത്യാഹിത വിഭാഗത്തിൽ

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 112 ആയി. മൂന്നൂറിനടുത്ത് കുട്ടികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മുസഫർപൂറിലെ ആശുപത്രികൾ സന്ദർശിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ രോഗ പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിനു നിർദേശം നൽകി. അതിനിടെ ബിഹാറിൽ അത്യുഷ്ണത്തെ തുടർന്ന് 90 പേർ മരിച്ചു. നൂറ്റി അമ്പത്തിലേറെ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
മൂന്നാഴ്ചയ്ക്കിടെയാണ് മുസഫർപൂരിൽ മസ്തിഷ്‌കജ്വരം ബാധിച്ച് 112 കുട്ടികൾ മരിച്ചത്. ഇന്നലെ 108 കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാല് കുട്ടികൾ കൂടി മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിക്കുകയായിരുന്നു. മരണ സംഖ്യ ഉയരുമ്പോഴും കൃത്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഇടപെടലും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ബിഹാറിൽ ഉഷ്ണം കൂടി വരികയാണ്. ജനങ്ങൾക്ക് കർശന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും ഉച്ച സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നും നിർദ്ദേശം പുറപ്പെടുവിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here