ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് കുമാരസ്വാമി; കോൺഗ്രസ് കർണാടക സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് എഐസിസി

എല്ലാ ദിവസവും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും സർക്കാരിനെ സുഗമമായി മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വമുള്ളതിനാൽ തനിക്ക് വേദന പുറത്ത് പറയാൻ പോലും കഴിയില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കർണാടകയിൽ ഭരണകക്ഷികളായ ജെഡിഎസും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചന്നപട്ടണത്തെ ഒരു ചടങ്ങിൽ മുഖ്യമന്ത്രി കുമാരസ്വാമി സഖ്യസർക്കാരിനെ മുന്നോട്ട് കൊണ്ടു പോകുന്നതിലെ വിഷമതകൾ പരോക്ഷമായി പരാമർശിച്ചത്.

Read Also; കര്‍ണാടകയില്‍ തമ്മിലടി രൂക്ഷം ; രാജിവെക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാമെന്ന് താൻ ഉറപ്പുതരുകയാണ്. എന്നാൽ താൻ ഓരോ ദിവസും കടന്നു പോകുന്നത് വേദനയിലൂടെയാണ്. ഈ വേദനയെപ്പറ്റി തനിക്കിപ്പോൾ തുറന്നു പറയാനാകില്ല. തനിക്കത് ജനങ്ങളുമായി പങ്കുവെയ്ക്കണമെന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും സർക്കാരിനെ നല്ല രീതിയിൽ മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നുമാണ് കർണാടക മുഖ്യമന്ത്രി തുറന്ന് പറഞ്ഞത്. അതേ സമയം കുമാരസ്വാമിയുടെ പരാമർശത്തിന് പിന്നാലെ തന്നെ കോൺഗ്രസ് കർണാടക സംസ്ഥാന കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടിട്ടുണ്ട്. കർണാടക പിസിസി പിരിച്ചുവിട്ടതായും പ്രസിഡന്റും വർക്കിങ് പ്രസിഡന്റും ചുമതലകളിൽ തുടരുമെന്നും എഐസിസി അറിയിച്ചു.

Read Also; കസേര സംരക്ഷിക്കലാണ് കുമാരസ്വാമിയുടെ ഇപ്പോഴത്തെ വെല്ലുവിളിയെന്ന് നരേന്ദ്രമോദി

മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് തൊട്ട് പിന്നാലെയാണ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പിസിസി പിരിച്ച് വിട്ട് കൊണ്ടുള്ള കത്തയച്ചത്. കോൺഗ്രസിനുള്ളിലെ അഴിച്ചു പണിയുടെ ആദ്യ പടിയായുള്ള നടപടിയാണ് കർണാടകത്തിലേതെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം, വിമത ശല്യം മറികടക്കുക തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top