ശബരിമല വിഷയത്തിൽ യുഡിഎഫ് വാഗ്ദാനപ്രകാരമാണ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ

ശബരിമല വിഷയത്തിൽ യുഡിഎഫ് വാഗ്ദാനപ്രകാരമാണ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ. ബില്ലിന്റെ ഭാവി ബിജെപിയുടെ കൈയിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം, ബിജെപി പ്രേമചന്ദ്രന്റെ നീക്കത്തോട് പ്രതികരിച്ചില്ല.
ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്രത്തിൽ മോദിയുടെ രണ്ടാമൂഴം തുടങ്ങിയപ്പോൾ തന്നെ ശബരിമല വിഷയത്തിൽ സ്വകാര്യ ബില്ലുമായി രംഗത്തെത്തിരിക്കുകയാണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ. ഈ ബില്ലിനോട് കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടെയും നിലപാട് എന്താകും എന്നതാണ് ശ്രദ്ധേയം. ഓർഡിനൻസ് കൊണ്ടുവരുമെന്നു പറഞ്ഞ ബിജെപി ഇപ്പോൾ മിണ്ടുന്നില്ലന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
സ്വകാര്യ ബില്ലുകൾ കേന്ദ്ര സർക്കാർ അംഗീകരിക്കാറില്ല എന്നതാണ് കീഴ്‌വഴക്കം. വെള്ളിയാഴ്ച ബില്ലവതരണത്തിന് പ്രേമചന്ദ്രന് അവസരം നൽകിയിട്ടുണ്ട്. ബില്ലിന്മേൽ ചർച്ചക്ക് സമയമെടുത്തേക്കും. ശബരിമല ബിൽ കൊണ്ടുവരും എന്ന പ്രഖ്യാപനം പ്രേമചന്ദ്രന്റെ ബില്ലവതരണ വേളയിൽ കേന്ദ്ര സർക്കാർ നടത്തുമോ എന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here