പൊരുതിക്കീഴടങ്ങി ബംഗ്ലാദേശ്; ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമത്

ബംഗ്ലാദേശിനെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ആവേശ ജയം. 48 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ബംഗ്ലാദേശിൻ്റെ കടുത്ത ചെറുത്തു നില്പ് അതിജീവിച്ചാണ് ഓസീസ് വിജയിച്ചത്. 102 റൺസെടുത്ത വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. തമീം ഇക്ബാൽ, മഹ്മൂദുല്ല എന്നിവരും ബംഗ്ലാദേശിനു വേണ്ടി തിളങ്ങി.

382 എന്ന പടുകൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നന്നായിട്ടു തന്നെയാണ് തുടങ്ങിയത്. പക്ഷേ, നാലാം ഓവറിൽ തന്നെ റണ്ണൗട്ടിൻ്റെ രൂപത്തിൽ ദൗർഭാഗ്യമെത്തി. ഫിഞ്ചിൻ്റെ നേരിട്ടുള്ള ഏറിൽ സൗമ്യ സർക്കാർ (10) പുറത്തായി. പിന്നാലെ മികച്ച ഫോമിലുള്ള ഷാക്കിബ് അൽ ഹസൻ ക്രീസിലെത്തി. രണ്ടാം വിക്കറ്റിൽ തമീം ഇക്ബാലുമായിച്ചേർന്ന് 79 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷം 19ആം ഓവറിൽ ഷാക്കിബും മടങ്ങി. 41 റൺസെടുത്ത ഷാക്കിബ് സ്റ്റോയിനിസിൻ്റെ പന്തിൽ വാർണർക്കു പിടികൊടുത്താണ് മടങ്ങിയത്.

പിന്നാലെ ക്രീസിലെത്തിയത് മുഷ്ഫിക്കർ റഹീം. തമീം ഇക്ബാൽ-മുഷ്ഫിക്കർ റഹീം കൂട്ടുകെട്ട് നിശബ്ദം മുന്നോട്ടു പോകവേ വീണ്ടും ദൗർഭാഗ്യമെത്തി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 25ആം ഓവറിൽ തമീം പ്ലെയ്ഡ് ഓണായി പുറത്ത്. മുഷ്ഫിക്കറുമായി മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടുകെട്ടുയർത്തിയ തമീം 62 റൺസെടുത്തിട്ടാണ് മടങ്ങിയത്.

പിന്നാലെ ലിറ്റൻ ദാസ് (20) വേഗം പുറത്തായി. ആദം സാംബ ലിറ്റനെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ മഹ്മൂദുല്ല കൂറ്റൻ ഷോട്ടുകളുമായി കത്തിക്കയറിയതോടെ ബംഗ്ലാദേശ് ഒരു അട്ടിമറി സ്വപ്നം കണ്ടു തുടങ്ങി. കേളികേട്ട ഓസീസ് ബൗളർമാരെ തച്ചു തകർത്ത മഹ്മൂദുല്ല മുഷ്ഫിക്കർ റഹീമുമായി അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 127 റൺസ്. കോൾട്ടർനൈൽ എറിഞ്ഞ 46ആം ഓവറിൽ കമ്മിൻസിനു പിടികൊടുത്ത് മടങ്ങുമ്പോൾ 50 പന്തുകളിൽ 69 റൺസായിരുന്നു മഹ്മൂദുല്ലയുടെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ പ്ലെയ്ഡ് ഓണായി (0) സബ്ബിർ റഹ്മാനും പുറത്ത്. അതോടെ ഓസ്ട്രേലിയ ജയം മണത്തു.

49ആം ഓവറിൽ മെഹദി ഹസനെ (6) വാർണറുടെ കൈകളിലെത്തിച്ച സ്റ്റാർക്ക് മത്സരത്തിലെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഇതിനിടെ 95 പന്തുകളിൽ മുഷ്ഫിക്കർ റഹീം തൻ്റെ അർദ്ധസെഞ്ചുറി സ്വന്തമാക്കിയെങ്കിലും വിജയം ഒരുപാട് അകലെയായിരുന്നു.  അവസാന ഓവറിൽ 56 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. മാർക്കസ് സ്റ്റൊയിനിസ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ആറു റൺസെടുത്ത മഷറഫെ മൊർതാസ മാക്സ്‌വലിൻ്റെ കയ്യിൽ അവസാനിച്ചു. ഇതോടെ 50 ഓവർ അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 333/8. ഓസ്ട്രേലിയക്ക് 48 റൺസ് ജയം. 102 റൺസുമായി മുഷ്ഫിക്കർ റഹീം പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top