കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

ഗുണനിലവാരം ഇല്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. നേരത്തെ എഴുതി നല്‍കാതെ അഴിമതി ആരോപണം ഉന്നയിച്ചതിനെ മന്ത്രി എകെ ബാലന്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തിന് ഇടയാക്കി.

കശുവണ്ടി മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കശുവണ്ടി മേഖലയില്‍ കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗുണനിലവാരം ഇല്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് ക്യാപക്‌സ് എംഡി പറഞ്ഞിട്ടും മുഖവിലക്കെടുത്തില്ല. ഇരുപതു കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ അഴിമതി ആരോപണം നോട്ടീസില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി എകെ ബാലന്‍ ഇടപെട്ടു. സുതാര്യമായ മാനദണ്ഡവും വ്യവസ്ഥയും അനുസരിച്ചാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top