ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന. മുര്‍സിയുട മരണത്തില്‍ ദുരൂഹത ആരോപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് എര്‍ദോഗാനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയില്‍ കുഴഞ്ഞു വീണാണ് മുര്‍സി മരിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗമാണ് മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആറു വര്‍ഷത്തെ തടവ് കാലയളവില്‍ മുര്‍സിക്ക് ലഭിച്ച ചികിത്സയുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.
മുര്‍സി ജയിലില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ അദ്ദേഹത്തിന് കൃത്യമായ ആരോഗ്യ പരിരക്ഷയും അഭിഭാഷകരേയും കുടുംബാംഗങ്ങളേയും കാണാനുള്ള അവസരവും ലഭിച്ചിട്ടുണ്ടോ എന്നതില്‍ നിരവധി ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് റൂപ്പര്‍ട്ട് കോള്‍വില്‍ പറഞ്ഞു. നീതിന്യായ വിഭാഗമോ സമാന അധികാരമുള്ള സ്വതന്ത്ര ഏജന്‍സികളോ ആയിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടുത്ത പ്രമേഹവും കരള്‍ രോഗവും ബാധിച്ച മുര്‍സിക്ക് അന്താരാഷ്ട മര്യാദ അനുസരിച്ചുള്ള പരിഗണന ജയിലില്‍ ലഭിക്കുന്നില്ലെന്ന് കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here