രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തി

രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഉത്തരകൊറിയയിലെത്തി. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈന പ്രസിഡന്റ് ഉത്തരകൊറിയയിലെത്തുന്നത്. വിദേശകാര്യമന്ത്രി വാങ് യി, നയതന്ത്ര പ്രതിനിധി യാങ് ജീച്ചി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഹെ ലിഫെങ് എന്നിവരും ഷി ജിന്‍ പിങിനൊപ്പമുണ്ട്.

തലസ്ഥാനമായ പ്യോങ് യാങിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു. ജപ്പാനില്‍ ജി 20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിന്‍ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലീകരിക്കാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ച ശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ളത്. അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഷി ജിന്‍പിങ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. നേരത്തെ നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നേരിടേണ്ടിവന്ന സമയത്തും ഉത്തര കൊറിയയുടെ ഉറ്റസുഹൃത്തായി നിലകൊണ്ട രാജ്യമാണ് ചൈന. 2018 ല്‍ കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.

2018 ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉത്തര കൊറിയ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലുള്ള ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top