ഏഞ്ചലായി മാത്യൂസ്; ഇംഗ്ലണ്ടിന് 233 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലും ശ്രീലങ്ക പതിവു തെറ്റിച്ചില്ല. ലക്ഷ്യബോധമില്ലാത്ത ബാറ്റിംഗ് ഒരിക്കൽ കൂടി അവരെ തകർത്തപ്പോൾ ലങ്ക സ്കോർ ചെയ്തത് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 239 റൺസ്. 85 റൺസെടുത്ത ആഞ്ചലോ മാത്യൂസാണ് അവരുടെ ടോപ്പ് സ്കോറർ. അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ് എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു. 3 വീതം വീഴ്ത്തിയ ജോഫ്ര ആർച്ചറും മാർക്ക് വുഡും ചേർന്നാണ് ലങ്കൻ ബാറ്റിംഗിനെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. രണ്ടാം ഓവറിൽ ദിമുത് കരുണരത്നെയും (1), മൂന്നാം ഓവറിൽ കുശാൽ പെരേരയും (2) കൂടാരം കയറി. കരുണരത്നെയെ ജോഫ്ര ജോസ് ബട്ലറുടെ കൈകളിലെത്തിച്ചപ്പോൾ പെരേരയെ ക്രിസ് വോക്സിൻ്റെ പന്തിൽ മൊയീൻ അലി പിടികൂടി.
പിന്നാലെ ക്രീസിലെത്തിയ അവിഷ്ക ഫെർണാണ്ടോ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്തതോടെ ലങ്ക തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്നു കരകയറി. മനോഹരമായ സ്ട്രൊക്ക് പ്ലേയുമായി അവിഷ്ക ഫെർണാണ്ടോ നിറഞ്ഞാടിയതോടെ ഇംഗ്ലണ്ട് ബൗളർമാരെല്ലാം തല്ലു കൊണ്ടു. 13ആം ഓവറിലാണ് ഫെർണാണ്ടോ പുറത്താവുന്നത്. മാർക്ക് വുഡിൻ്റെ പന്തിൽ ആദിൽ റഷീദ് പിടിച്ചു പുറത്താവുമ്പോൾ ഫെർണാണ്ടോ അർദ്ധസെഞ്ചുറിയിൽ നിന്നും ഒരു റൺ മാത്രം അകലെയായിരുന്നു. മൂന്നാം വിക്കറ്റിൽ കുശാൽ മെൻഡിസുമായി 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഫെർണാണ്ടോ പുറത്തായത്.
തുടർന്ന് ക്രീസിലൊത്തു ചേർന്ന ആഞ്ചലോ മാത്യൂസ്-കുശാൽ മെൻഡിസ് സഖ്യം ശ്രദ്ധയോടെ ബാറ്റ് ചെയ്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 71 റൺസാണ് കൂട്ടിച്ചേർത്തത്. മുപ്പതാം ഓവറിൽ കുശാൽ മെൻഡിസും പുറത്ത്. 46 റൺസെടുത്ത മെൻഡിസിനെ ആദിൽ റഷീദ് ഓയിൻ മോർഗൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ആദിൽ റഷീദിനു തന്നെ പിടികൊടുത്ത് ജീവൻ മെൻഡിസും (0) പുറത്ത്.
തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മാത്യൂസ്-ധനഞ്ജയ ഡിസിൽവ സഖ്യം 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി വലിയ തകർച്ചയിൽ നിന്നും ശ്രീലങ്കയെ പിടിച്ചുയർത്തി. 44ആം ഓവറിൽ 29 റൻസെടുത്ത ഡിസിൽവയെ ജോ റൂട്ടിൻ്റെ കൈകളിലെത്തിച്ച ജോഫ്ര ശ്രീലങ്കയെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു.
തുടർന്ന് തിസാര പെരേര (2), ഇസിരു ഉദാന (6) എന്നിവർ പെട്ടെന്ന് പുറത്തായി. പെരേരയെ ആദിൽ റഷീദിൻ്റെ കൈകളിലെത്തിച്ച ജോഫ്ര മത്സരത്തിലെ തൻ്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഉദാനയെ മാർക്ക് വുഡിൻ്റെ പന്തിൽ റൂട്ട് പിടികൂടുകയായിരുന്നു. 49ആം ഓവറിൽ മലിഗയെ (1) ക്ലീൻ ബൗൾഡാക്കിയ വുഡ് വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
85 റൺസെടുത്ത മാത്യൂസ് പുറത്താവാതെ നിന്നു.