ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജി സന്നദ്ധത അറിയിച്ചതായി എംവി ജയരാജന്‍

ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി സിപിഐ എം കണ്ണൂര്‍ ജില്ലാ നേതൃത്വം. നഗരസഭാ ഭരണ സമിതിക്ക് തെറ്റ് പറ്റിയെന്നും നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടപടിയെടുക്കുമെന്നും പി ജയരാജന്‍. പികെ ശ്യാമള രാജി സന്നദ്ധത അറിയിച്ചതായി എംവി ജയരാജന്‍.

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയത്. നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ സമീപനമാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും നഗരസഭാധ്യക്ഷയ്ക്ക് പ്രശ്‌നത്തില്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞില്ലെന്നും പി.ജയരാജന്‍. നഗരസഭാ ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. പികെ ശ്യാമള പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. എന്ത് നടപടി വേണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പി ജയരാജന്‍.

പികെ ശ്യാമള രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കും. പികെ ശ്യാമളയക്കെതിരെ എന്ത് നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും വിശദീകരണ യോഗത്തില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top