ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കേരളത്തിനകത്തും പുറത്തും മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനോയ് രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി. ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇതിനിടെ മുംബൈയിലെ അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതിക്കാരിയായ യുവതി ഇന്ന് വീണ്ടും ഹാജരായി.

ബിനോയ് കോടിയേരി കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് മുംബൈ പൊലീസ്. കേരളത്തിനകത്തും പുറത്തും ബിനോയിക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ഇതിനിടെ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി. കേസന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം പരിശോധന തുടരുകയാണ്.

യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയില്‍ പുരോഗമിക്കുകയാണ്. പരിശോധനാ ഫലം പുറത്ത് വന്ന ശേഷമാകും മുംബൈ പൊലീസ് മറ്റ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. ഇതിനിടെ മുംബൈയിലെ അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതിക്കാരിയായ യുവതി ഇന്ന് വീണ്ടും ഹാജരായി. കേസിലെ ബിനോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി മറ്റന്നാളാണ് വിധി പറയുക. ഡിഎന്‍എ ടെസ്റ്റിന് സന്നദ്ധനല്ലെന്നും ബിനോയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top