ഈ നൂറ്റാണ്ടിലെ എല്ലാ ലോകകപ്പിലും ശ്രീലങ്കയോട് ഇംഗ്ലണ്ട് തോറ്റു; നാലിലും നിർണ്ണായകമായി മലിംഗ

ഇന്നലെ നടന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരം ഒരു ലോകകപ്പ് ക്ലാസിക്കായിരുന്നു. ആവേശപ്പോരിൽ 20 റൺസിന് ഇംഗ്ലണ്ടിനെ തോല്പിച്ച ശ്രീലങ്ക തങ്ങളെ എഴുതിത്തള്ളരുതെന്ന് മുന്നറിയിപ്പു നൽകി. മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തത് ലസിത് മലിംഗയായിരുന്നു. ജെയിംസ് വിൻസ്, ജോണി ബാരിസ്റ്റോ, ജോ റൂട്ട് എന്നീ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെയും അപകടകാരിയായ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറെയും പുറത്താക്കിയ മലിംഗയാണ് ശ്രീലങ്കയ്ക്ക് ജയം സമ്മാനിച്ചത്.
കഴിഞ്ഞ നാലു ലോകകപ്പുകളിലും ലങ്ക ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഈ വിജയങ്ങളിലെല്ലാം എടുത്തു പറയേണ്ടത് മലിംഗയെയാണ്. 2007 മുതലിങ്ങോട്ട് നടന്ന ലോകകപ്പുകളിലെല്ലാം ഇംഗ്ലണ്ടിനെ തോല്പിക്കുന്നതിൽ മലിംഗ വലിയ പങ്കു വഹിച്ചിരുന്നു.
2003 ലോകകപ്പിൽ ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടം നടന്നില്ല. 2007ൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ശ്രീലങ്ക ജയിച്ചത് രണ്ടു റൺസിന്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നേടിയത് 235 റൺസ്. ഇംഗ്ലണ്ടിൻ്റെ മറുപടി ബാറ്റിംഗ് 233/8ൽ അവസാനിച്ചു. 10 ഓവറിൽ 50 റൺസ് വഴങ്ങി മലിംഗ വീഴ്ത്തിയത് രണ്ട് വിക്കറ്റുകൾ. അന്ന് എഡ് ജോയിസിനെയും പോൾ നിക്സണെയുമാണ് മലിംഗ പുറത്താക്കിയത്.
2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലാണ് ഇവർ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 229/6. വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ശ്രീലങ്കയ്ക്ക് കൂറ്റൻ ജയം. അന്ന് 10 ഓവർ എറിഞ്ഞ മലിംഗ 46 റൺസ് വഴങ്ങി നേടിയത് ഒരു വിക്കറ്റ്. ഓയിൻ മോർഗനായിരുന്നു മലിംഗയുടെ ഇര.
2015 ലോകകപ്പ്. ഏറ്റുമുട്ടിയത് ഗ്രൂപ്പ് മാച്ചിൽ. അന്ന് 9 വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടപ്പെടുത്തി 309 എന്ന കൂറ്റൻ സ്കോർ എടുത്തെങ്കിലും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യം കണ്ടു. അന്ന് മലിംഗ ജെയിംസ് ടെയ്‌ലറെയാണ് പുറത്താക്കിയത്. 10 ഓവറിൽ 63 റൺസ് വഴങ്ങിയായിരുന്നു മലിംഗയുടെ പ്രകടനം.
ഇക്കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക ജയിച്ചത് 20 റൺസിന്. ലങ്കയുടെ 232/9നെതിരെ ഇംഗ്ലണ്ട് 212നു പുറത്ത്. 10 ഓവർ എറിഞ്ഞ മലിംഗ് 43 റൺസ് വഴങ്ങി എടുത്തത് 4 വിക്കറ്റ്, മാൻ ഓഫ് ദി മാച്ച്.