തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം കളി പിടിച്ച് ന്യൂസിലൻഡ്; വില്ല്യംസണും ടെയ്‌ലറിനും അർദ്ധശതകം

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. 32 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. തുടക്കത്തിലെ തകർച്ച അതിജീവിച്ചാണ് ന്യൂസിലണ്ട് ശക്തമായ നിലയിലെത്തി നിൽക്കുന്നത്. കിവീസിനു വേണ്ടി ക്യാപ്റ്റൻ കെയിൻ വില്ല്യംസണും റോസ് ടെയ്ലറും അർദ്ധസെഞ്ചുറികളുമായി പുറത്താവാതെ നിൽക്കുകയാണ്.
ഞെട്ടലോടെയാണ് കിവികൾ ഇന്നിംഗ്സ് ആരംഭിച്ചത്. മത്സരത്തിൻ്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ഷെൽഡൻ കോട്രൽ വിൻഡീസിന് സ്വപ്ന സമാനമായ തുടക്കം നൽകി. ഇരുവരും നേരിട്ട ആദ്യ പന്തിൽ തന്നെയാണ് പുറത്തായത്. മാർട്ടിൻ ഗപ്ടിലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ കോട്രൽ കോളിൻ മൺറോയെ ക്ലീൻ ബൗൾഡാക്കി.
തുടർന്ന് ക്രീസിലൊത്തു ചേർന്നത് ന്യൂസിലൻഡിൻ്റെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ. വിൻഡീസിനെ അനായാസം നേരിട്ട വില്ല്യംസൺ-ടെയ്‌ലർ സഖ്യം വേഗത്തിലാണ് സ്കോർ ചെയ്തത്. ബൗളർമാരെ മാറി മാറിപ്പരീക്ഷിച്ചിട്ടും വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 75 പന്തുകളിൽ വില്ല്യംസണും 68 പന്തുകളിൽ ടെയ്‌ലറും അർദ്ധസെഞ്ചുറി കുറിച്ചു.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 146 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയിരിക്കുന്നത്. വില്ല്യംസൺ 83 റൺസുമായും ടെയ്‌ലർ 65 റൺസുമായും പുറത്താവാതെ നിൽക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here