ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്

ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്. 2013 ൽ മൂന്ന് തവണയായി 7 ലക്ഷത്തി അൻപതിനായിരം രൂപ കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രേഖകൾ യുവതി മുംബൈ പോലീസിന് കൈമാറി

2013 ഏപ്രിൽ ,മെയ് മാസങ്ങളിലാണ് പണമിടപാട് നടന്നത്. ഈ രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലും പാസ്‌പോർട്ടിന് സമാനമായി ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ൽ പുതുക്കിയ പാസ്‌പോർട്ടിലാണ് ഭർത്താവിൻറെ പേര് ചേർത്തിരിക്കുന്നത്. ഇന്നലേയും മൊഴി നൽകാൻ ഹാജരായ യുവതി ബിനോയിക്കെതിരായ കൂടുതൽ തെളിവുകൾ കൈമാറി.

പരാതി നൽകിയ ശേഷം ദിവസവും ഓഷ്യോര സ്റ്റേഷനിലെത്തി കേസിന്റെ പുരോഗതി അന്വേഷിക്കുന്ന യുവതി പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ബിനോയ് കേരളം വിട്ടേക്കാമെന്ന നിഗമനത്തിൽ സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കേരളത്തിൽ തുടരുന്നുണ്ട്.യുവതി നേരത്തെ നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ല. മുൻകൂർ ജാമ്യം തേടി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിധി പറയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top