ഷാക്കിബിന് അഞ്ചു വിക്കറ്റ്; ബംഗ്ലാദേശിന് കൂറ്റൻ ജയം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേസിന് കൂറ്റൻ ജയം. 62 റൺസിനാണ് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. 263 റൺസ് പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ഷാക്കിബുൽ ഹസനാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. 49 റൺസെടുത്ത ഷമിയുല്ല ഷൻവാരിയാണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ.

263 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനും വ്യത്യസ്ത ഓപ്പണർമാരെ പരീക്ഷിച്ചു. ക്യാപ്റ്റൻ ഗുൽബദിൻ നയ്ബിനൊപ്പം റഹ്മത് ഷാ ആണ് അഫ്ഗാനു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ പവർ പ്ലേ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓപ്പണർമാർ 11ആം ഓവറിലാണ് വേർപിരിഞ്ഞത്. 49 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് ഷാക്കിബുൽ ഹസനാണ് തകർത്തത്. 24 റൺസെടുത്ത റഹ്മത് ഷാ തമീം ഇക്ബാലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ ഹഷ്മതുല്ല ഷാഹിദി (11) വേഗം മടങ്ങി. മൊസദ്ദക് ഹുസൈൻ്റെ പന്തിൽ മുഷ്ഫിക്കർ റഹീം സ്റ്റമ്പ് ചെയ്താണ് ഷാഹിദി പുറത്തായത്. ശേഷം ഗുൽബദിൻ നയ്ബ് (47), മുഹമ്മദ് നബി (0) എന്നിവരെ ഒരു ഓവറിൽ പുറത്താക്കിയ ഷാക്കിബ് അഫ്ഗാനിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു. നയ്ബിനെ ലിറ്റൻ ദാസിൻ്റെ കൈകളിലെത്തിച്ച ഷാക്കിബ് നബിയെ ക്ലീൻ ബൗൾഡാക്കി.

33ആം ഓവറിൽ അസ്ഗർ അഫ്ഗാനെ പുറത്താക്കിയ ഷാക്കിബ് വിക്കറ്റ് വേട്ട നാലാക്കി ഉയർത്തി. 20 റൺസെടുത്ത അഫ്ഗാനെ സബ്ബിർ റഹ്മാൻ പിടികൂടുകയായിരുന്നു. 36ആം ഓവറിൽ ഇക്രം അലി ഖില്ലിനെ (11) ലിറ്റൺ ദാസ് റണ്ണൗട്ടാക്കിയതോടെ അഫ്ഗാൻ തകർന്നു.

ശേഷം ക്രീസിലെത്തിയ നജീബുല്ല സദ്രാൻ സമിയുല്ല ഷൻവാരിയുമൊത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ, റിക്വയർഡ് റൺ റേറ്റ് വളരെ കൂടുതലായതു കൊണ്ട് സമ്മർദ്ദം അധികരിച്ചു. 43ആം ഓവറിൽ സമ്മർദ്ദത്തിനടിമപ്പെട്ട് നജീബുല്ല പുറത്തായി. 23 റൺസെടുത്ത നജീബുല്ല ഷാക്കിബുൽ ഹസനെ ക്രീസ് വിട്ട് പ്രഹരിക്കാൻ ശ്രമിച്ചെങ്കിലും മുഷ്ഫിക്കർ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഇതോടെ ഷാക്കിബ് അഞ്ച് വിക്കറ്റ് നേട്ടത്തിലുമെത്തി.

തുടർന്ന് റാഷിദ് ഖാൻ (2), ദൗലത് സദ്രാൻ (0) എന്നിവരെ മുസ്തഫിസുർ പുറത്താക്കി. റാഷിദിനെ മൊർതാസയും ദൗലതിനെ മുഷ്ഫിക്കറും കയ്യിലൊതുക്കുകയായിരുന്നു. 47ആം ഓവറിലെ അവസാന ഓവറിൽ മുജീബ് റഹ്മാനെ (0) ബൗൾഡാക്കിയ സൈഫുദ്ദീൻ അഫ്ഗാനിസ്ഥാൻ്റെ ഇന്നിംഗ്സ് 200ൽ അവസാനിപ്പിച്ചു. 49 റൺസെടുത്ത ഷൻവാരി പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top