ജഡേജ ഫീൽഡിൽ ഒരു അത്ഭുതം; ചഹാലിനുള്ളത് ചെറിയ കൈ: ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി കോച്ച് ആർ ശ്രീധർ

ഇന്ത്യൻ ഫീൽഡിംഗിനെപ്പറ്റി തുറന്നു പറഞ്ഞ് ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ തോൽവിക്ക് ശേഷം ഇന്ത്യൻ ഫീൽഡിംഗ് ശ്രദ്ധേയമാം വിധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിംഗ് സൈഡുകളിൽ ഒന്ന് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ജഡ്ഡു ഒരുപാട് പരിശീലനം നടത്താറില്ല. പരിശീലന സെഷനിൽ വന്നിട്ട് പെട്ടെന്ന് തന്നെ അവിടെ ഒരു പ്രകടനം നടത്തും. നീ ഒരു സ്റ്റമ്പ് എറിഞ്ഞു കൊള്ളിക്കുന്നത് കാണാൻ ആളുകൾ ടിക്കറ്റെടുത്ത് വരുമെന്ന് ഞാൻ അവനോട് പറയാറുണ്ട്. അവൻ നാച്ചുറലാണ്’- അദ്ദേഹം പറഞ്ഞു.
വിരാട് കോലി പരിശീലനത്തിലൂടെയാണ് മികച്ച ഫീൽഡറായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. അരങ്ങേറ്റ സമയത്തുള്ളതിനെക്കാൾ ബുംറ ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും 2017ൽ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഡയറക്റ്റ് ഹിറ്റുകൾ നടത്തിയ താരമായി അദ്ദേഹം മാറിയെന്നും ശ്രീധർ കൂട്ടിച്ചേർത്തു.
അതേ സമയം, യുസ്‌വേന്ദ്ര ചഹാലാണ് ടീമിൽ കുറച്ച് നിലവാരം കുറഞ്ഞ ഫീൽഡറെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചേസിംഗും ത്രോയും ഡൈവിംഗുമൊക്കെ നല്ലതാണെങ്കിലും ക്യാച്ചിംഗ് ചഹാലിന് ഒരു പോരായ്മയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ചഹാലിന് തീരെ ചെറിയ വിരലുകളാണ്. പന്തിന്മേലുള്ള പേസ് ഉൾക്കൊള്ളാൻ വിരലുകൾക്ക് കഴിയാറില്ല. റിട്ടേൺ ക്യാച്ചുകൾ അവൻ കൂടുതലായി കൈവിടുന്നതും അതുകൊണ്ടാണ്. പക്ഷേ, അവൻ നന്നായി പരിശീലിക്കുന്നുണ്ട്.’- ശ്രീധർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here