സിഒടി നസീര്‍ വധശ്രമ കേസില്‍ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

സിഒടി നസീര്‍ വധശ്രമ കേസിലെ രണ്ട് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടിനസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനും വെട്ടേറ്റ നസീര്‍ ചികിത്സയിലാണ്. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. പി ജയരാജന്‍ മത്സരിച്ച വടകര മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നസീര്‍ മത്സരിക്കുകയും ചെയ്തിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top