ബിനോയ്‌ക്കെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

പീഡന പരാതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. അഭിഭാഷകൻ ശ്രീജിത്തിനെ ചോദ്യം ചെയ്യാനും ഓഷ്‌വാര പൊലീസ് തീരുമാനിച്ചു. ചില അനുരജ്ജന ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ഈ തീരുമാനത്തിലെത്തിയത്.

164 പ്രകാരം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവതിയുടെ പരാതി സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ വൈരുദ്ധ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബിനോയുമായുള്ള വിവാഹം സംബന്ധിച്ചതുൾപ്പെടെ ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്നാണ് ബിനോയുടെ അഭിഭാഷകൻ പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിഭാഷകൻ ശ്രീജിത്തിനെ പൊലീസ് ചോദ്യം ചെയ്യുക. അതേസമയം, ജാമ്യ ഹർജിയിൽ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, പീഡന പരാതിയിൽ ബിനോയിക്കെതിരായ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ബിനോയിയെ കണ്ടെത്താനാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ബിനോയിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ മുംബൈയിൽ നിന്നെത്തിയ അന്വേഷണ സംഘം മടങ്ങിപ്പോയിയിരുന്നു.

ബിനോയ് കോടിയേരിയെ ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണം ഇനി മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന അവസ്ഥയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ തെളിവുകളിൽ വ്യക്തത വരണമെങ്കിൽ ബിനോയിയെ ചോദ്യം ചെയ്‌തേ മതിയാകൂ. എന്നാൽ ഒരാഴ്ചയിലധികം കേരളത്തിൽ തുടർന്നിട്ടും മുംബൈ പൊലീസിന് ബിനോയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top