എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു; താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി

മുൻ കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. താൻ ദേശീയ മുസ്ലീമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ നിന്ന് പുറത്താക്കാനാകില്ല. സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചല്ല ബിജെപിയിൽ ചേർന്നത്. ബിജെപിയും ന്യൂനപക്ഷങ്ങളുമായുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Also; അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മോദിയുടെ ഭരണത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here