ലക്ഷ്യം ചാമ്പ്യൻസ് ലീഗ്; വിരമിക്കൽ തീരുമാനം പിൻവലിച്ച് ബഫൺ യുവന്റസിലേക്ക്

ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പറും വെറ്ററൻ താരവുമായ ജിയാൻലൂയി ബഫൺ യുവന്റസിൽ തിരിച്ചെത്തുന്നു. ഒരു വർഷം മുൻപ് ദീർഘ നാളത്തെ യുവന്റസ് കരിയറിന് വിരാമമിട്ട് ബഫൺ ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ ടീമിനായി കളിച്ചിരുന്നു. ഒറ്റ സീസണോടെ താരം പിഎസ്ജിയോടും വിട പറഞ്ഞു.
നിലവിൽ പോർട്ടോ, ലീഡ്സ് തുടങ്ങിയ ക്ലബുകൾ ബഫണിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടെങ്കികലും യുവന്റസിലേക്ക് വരാൻ ആണ് ബഫൺ ശ്രമിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആകും ബഫൺ എത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. നിലവിൽ സെസനിയാണ് ഒന്നാം നമ്പർ ഗോൾ കീപ്പർ. രണ്ടാം ഗോൾ കീപ്പറായിട്ടാവും മുൻ നായകൻ കൂടിയായ ബഫണിന്റെ രംഗപ്രവേശം.
ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബഫണിന് പിഎസ്ജിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്ജിക്ക് നേടാൻ സാധിച്ചുള്ളു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ബഫണിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബഫണിന്റെ സ്വപ്നത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് തിരിച്ചുവരവ്.