പി.ജയരാജനെ തിരുത്തി വീണ്ടും സിപിഐഎം; ശ്യാമളയെ പരസ്യമായി വിമർശിച്ചതും പി.ജെ ആർമി ഫേസ്ബുക്ക് പേജും തെറ്റ്

സിപിഐഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ തിരുത്തി വീണ്ടും പാർട്ടി. ആന്തൂർ,പി.ജെ.ആർമി വിഷയങ്ങളിലാണ് സംസ്ഥാന സമിതി ജയരാജനെ തിരുത്തിയത്. ആന്തൂർ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ വിശദീകരണ യോഗത്തിൽ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തി പരസ്യമായി വിമർശിക്കാൻ പാടില്ലായിരുന്നുവെന്ന് സംസ്ഥാന സമിതി ജയരാജനെ അറിയിച്ചു. ഇത് അച്ചടക്കനടപടി ഉറപ്പു കൊടുക്കൽ പോലെയായെന്നും ഇത് തിരുത്തപ്പെടണമെന്നും സംസ്ഥാന സമിതി നിർദേശിച്ചു.

പി ജെ ആർമി ഫേസ്ബുക്ക് പേജ് പാർട്ടിവിരുദ്ധമാണ്. നേതാക്കൾക്ക് വിയോജിപ്പുകളും വ്യത്യസ്ത നിലപാടുകളും ഉണ്ടാകാം അത് പറയേണ്ടത് മറ്റു ഫോറങ്ങളിലാകരുതെന്നും പാർട്ടി നിർദേശം നൽകി. വിമർശനത്തെ തുടർന്ന് പിജെ ആർമിയെ ജയരാജൻ തള്ളിപ്പറഞ്ഞു. ആന്തൂരിലെ ആത്മഹത്യയിൽ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും  നടപടി  വേണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി  വിശദീകരണ യോഗത്തിൽ സംസാരിക്കവേ പി.ജയരാജൻ പറഞ്ഞിരുന്നു.

ജയരാജനെ പിന്തുണയ്ക്കുന്ന പിജെ ആർമി എന്ന ഫേസ്ബുക്ക് പേജിൽ ആന്തൂർ നഗരസഭ അധ്യക്ഷയ്‌ക്കെതിരെയുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതാണ് പാർട്ടിയിൽ ചർച്ചകൾക്കിടയാക്കിയത്. സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നതിന് പിന്നാലെ പിജെ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജുകൾ നീക്കണമെന്ന് പി.ജയരാജൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top