‘മുന്നിൽ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നിൽ നിന്നും കുത്തിയാൽ’ ; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പി.ജെ ആർമി

പി.ജെ ആർമി ഫേസ്ബുക്ക് പേജിന്റെ പേരിൽ പി.ജയരാജനെ സിപിഐഎം തിരുത്തിയതിന് പിന്നാലെ ജയരാജനെ പുകഴ്ത്തി വീണ്ടും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടനെന്നും ജയരാജേട്ടനെ പോലെ കരുത്തുറ്റ, മനുഷ്യ സ്‌നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണെന്നും പിജെ ആർമി ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. ‘ മുന്നിൽ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നിൽ നിന്നും കുത്തിയാൽ’ എന്ന പോസ്റ്റും പേജിലുണ്ട്.

 

പി ജയരാജന്റെ ഫാൻസ് പേജായി അറിയപ്പെടുന്ന പി.ജെ ആർമി ആന്തൂർ വിഷയത്തിൽ നഗരസഭാ അധ്യക്ഷക്കെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടത് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തിരുന്നു. പിജെ ആർമി ഫേസ്ബുക്ക് പേജ് പാർട്ടിവിരുദ്ധമാണെന്ന് സംസ്ഥാന സമിതി പി.ജയരാജനെ തിരുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പി.ജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഫേസ്ബുക്ക് പേജുകൾ പേര് മാറ്റണമെന്ന് പി.ജയരാജൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പിജെ ആർമി പേജിന്റെ അഡ്മിൻ ക്ഷമാപണവും നടത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും പേജിൽ പി.ജയരാജനെ പുകഴ്ത്തിയും ജയരാജനെതിരെ നിൽക്കുന്ന പാർട്ടി നേതാക്കളെ പരോക്ഷമായി വിമർശിച്ചുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top