ഹോട്ട് സ്പോട്ട് ഉപയോഗിക്കാഞ്ഞതെന്തേ?’; രോഹിതിന്റെ വിക്കറ്റ് തീരുമാനത്തിൽ തേർഡ് അമ്പയറിനെതിരെ സോഷ്യൽ മീഡിയ: വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയുടെ വിക്കറ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം. തേർഡ് അമ്പയർ പെട്ടെന്ന് തീരുമാനമെടുത്തുവെന്നാണ് സോഷ്യൽ മീഡിയയുടെ ആക്ഷേപം. മികച്ച ടെക്നിക്കൽ പിന്തുണ ഉണ്ടായിട്ടും തീരുമാനമെടുക്കാൻ ഹോട്ട് സ്പോട്ട് ഉപയോഗിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

കെമർ റോച്ച് എറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു രോഹിതിൻ്റെ വിക്കറ്റ്. ഓവറിലെ രണ്ടാം പന്തിൽ സിക്സറടിച്ച രോഹിതിനെ റോച്ച് അവസാന പന്തിൽ ബീറ്റ് ചെയ്തു. ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ ഗ്ലൗസിൽ വിശ്രമിച്ചു. വിക്കറ്റിനായി വെസ്റ്റ് ഇൻഡീസ് അപ്പീൽ നൽകിയെങ്കിലും അമ്പയർ റിച്ചാർഡ് ഇല്ലിംഗ്‌വർത്ത് നോട്ടൗട്ട് വിധിച്ചു. അമ്പയറിൻ്റെ തീരുമാനം വിൻഡീസ് ഡിആർഎസിനു വിട്ടു.

വീഡിയോ

സ്നിക്കോയിൽ പന്ത് കടന്നു പോകുമ്പോൾ സ്പൈക്ക് ഉണ്ടെന്ന് തെളിഞ്ഞു. സമയം പാഴാക്കാതെ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ പന്ത് ഒരേ സമയമാണ് ബാറ്റും പാഡും കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ഹോട്ട് സ്പോട്ട് ഉപയോഗിച്ചാൽ പന്ത് ബാറ്റിൽ കൊണ്ടോ എന്ന് ഉറപ്പിക്കാമായിരുന്നുവെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.

തേർഡ് അമ്പയറുടെ തീരുമാനം വന്നതിനു പിന്നാലെ കമൻ്ററി ബോക്സിലുണായിരുന്ന സഞ്ജയ് മഞ്ജ്രേക്കർ അതിനെ വിമർശിച്ചിരുന്നു. അല്പം കൂടി സമയമെടുത്ത് തീരുമാനം എടുക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഓസീസ് താരം ബ്രാഡ് ഹോഗ് ഉൾപ്പെടെയുള്ളവർ ട്വിറ്ററിലൂടെ തേർഡ് അമ്പയറുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. നിഴൽച്ചിത്രത്തിൽ പന്ത് പാഡിൽ കൊണ്ടെന്ന് വ്യക്തമാണെന്നും അമ്പയറുടെ തീരുമാനം അംഗീകരിക്കുക മാത്രമാണ് രോഹിതിനു ചെയ്യാൻ സാധിക്കുകയെന്നും ഹോഗ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top